ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിനെതിരായ ടിട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ -ഇന്ത്യയ്ക്ക് 53 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇരുപത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്‌. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്റിന് 149 റണ്‍സ് മാത്രമേ നേടാനായുള്ളൂ. വിജയത്തിളക്കത്തോടെ ആഷിഷ് നെഹ്‌റ തന്റെ 20 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് വിരാമമിട്ടു.  

ടോസ് നേടിയ കിവീസ് ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ടിന്റെ ബാറ്റിങ് മികവിലാണ് ഇന്ത്യ ഇരുന്നൂറ് റണ്‍സ് കടന്നത്. ഇരുവരും എണ്‍പത് റണ്‍സ് വീതം നേടി. രോഹിത് 55 പന്തില്‍ നിന്നും ധവാന്‍ 52 പന്തില്‍ നിന്നും.

രണ്ട് പന്ത് മാത്രം നേരിട്ട ഹര്‍ദിക് പാണ്ഡ്യ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ക്യാപ്റ്റന്‍ കോലി 11 പന്തില്‍ നിന്ന് 26 ഉം മുന്‍ നായകന്‍ എം.എസ്. ധോനി രണ്ട് പന്തില്‍ നിന്ന് ഏഴ് റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ബൗളിങ് നിരയില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി സോധി മികച്ച പ്രകടനം കാഴ്ചവച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റിന് രണ്ടാമത്തെ ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്തിലിനെ നഷ്ടമായി. ചാഹലിന്റെ പന്ത് നീട്ടിയടിച്ച ഗുപ്തിലിനെ അതിമനോഹരമായി പാണ്ഡ്യ കയ്യില്‍ ഒതുക്കുകയായിരുന്നു. അഞ്ച് ഓവര്‍ തികയും മുന്‍പേ ഭുവനേശ്വര്‍ കുമാര്‍ മണ്‍റോയെ തിരിച്ചയച്ചത് ന്യൂസിലാന്റിന് കനത്ത പ്രഹരമായി. പിന്നീട് കെയ്ന്‍ വില്യംസണും (28), ടോം ലാതമും (39 ) മിച്ചല്‍ സാന്റ്‌നറും (27)  ചെറുത്ത് നിന്നെങ്കിലും വിജയ വഴിയിലേക്ക് ന്യൂസിലാന്റിന് തിരിയാന്‍ സാധിച്ചില്ല. 100 റണ്‍സ് തികയും മുന്‍പ് ഏഴ് വിക്കറ്റുകളാണ് കിവികള്‍ക്ക് നഷ്ടമായത്. രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി ബോളിംങ് നിരയില്‍ അക്ഷത് പട്ടേല്‍ തിളങ്ങി. ബുമ്ര ഒരുവിക്കറ്റ് നേടി.

മൂന്ന് ടിട്വന്റികളാണ് പരമ്പരയിലുളളത്. രണ്ടാം മത്സരം നാലിന് രാജ്കോട്ടിലും മൂന്നാമത്തേയ് ഏഴിന് തിരുവനന്തപുരത്തും നടക്കും.

Content Highlights: t20, india, new zealand, kohli, dhoni, kiwis, india-newzealand series, cricket, wicket Ashish Nehra, retirement