ഷാര്‍ജ: വെടിക്കെട്ട് ബാറ്റിങ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്ന പേരുകളിലൊന്ന് പാകിസ്താന്റെ ഷാഹിദ് അഫ്രീദിയുടേതാണ്. അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞെങ്കിലും ആ പഴയ വെടിക്കെട്ട് താരത്തിന്റെ ബാറ്റിന് ഒട്ടും ക്ഷീണം ബാധിച്ചിട്ടില്ല. 

ഇതിന് തെളിവായിരുന്നു കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ടി10 ക്രിക്കറ്റ് ലീഗില്‍ നടന്ന നോര്‍ത്തേണ്‍ വാരിയേഴ്‌സ്-പാക്തൂണ്‍സ് മത്സരം. പാക്തൂണ്‍സ് ക്യാപ്റ്റനായ അഫ്രീദി ഒറ്റയ്ക്ക് നോര്‍ത്തേണ്‍ വാരിയേഴ്‌സില്‍ നിന്ന് മത്സരം സ്വന്തമാക്കുകയായിരുന്നു. 14 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച അഫ്രിദിയുടെ വെടിക്കെട്ടിന്റെ മികവില്‍ നിശ്ചിത 10 ഓവറില്‍ പാക്തൂണ്‍സ് അഞ്ചു വിക്കറ്റിന് 135 റണ്‍സെടുത്തു. 17 പന്തില്‍ നിന്ന് അഫ്രീദി 59 റണ്‍സ് നേടി.

പാക് ടീമിലെ സഹതാരമായിരുന്ന വഹാബ് റിയാസിനെ ഒരോവറില്‍ തുടര്‍ച്ചയായി നാലു തവണ അഫ്രീദി അതിര്‍ത്തി കടത്തുകയും ചെയ്തു. ഏഴു സിക്‌സും മൂന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ നോര്‍ത്തേണ്‍ വാരിയേഴ്‌സിന് പത്ത് ഓവറില്‍ നാലു വിക്കറ്റിന് 122 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. റോവ്മാന്‍ പവല്‍ 35 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയെങ്കിലും നോര്‍ത്തേണ്‍ വാരിയേഴ്‌സിന്റെ ഇന്നിങ്‌സ് 13 റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു.

Content Highlights: t10 cricket league shahid afridi slams 14 ball fifty