ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ തലവര മാറിയ ഇന്ത്യന്‍ താരമാണ് ടി. നടരാജന്‍. ആദ്യം പ്രഖ്യാപിച്ച ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ പോലും സ്ഥാനം നേടിയിരുന്നില്ല നടരാജന്‍. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിക്ക് പകരക്കാരനായയാണ് താരം ഇന്ത്യന്‍ ടീമിലിടം നേടിയത്. 

എന്നാല്‍ അതിനുശേഷം നടരാജന്റെ ജീവിതത്തില്‍ സംഭവിച്ചത് നാടോടിക്കഥ പോലെ വിചിത്രമായ  കാര്യങ്ങളാണ്. ചരിത്രത്തിലാദ്യമായി ഒരു പരമ്പരയിലെ ഏകദിന, ടെസ്റ്റ്, ട്വന്റി 20 മത്സരങ്ങളില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് സ്വന്തമാക്കി മൂന്നു ഫോര്‍മാറ്റിലും നടരാജന്‍ തിളങ്ങി. കണിശതയാര്‍ന്ന ബൗളിങ് പ്രകടനത്തിലൂടെ താരം ആരാധകരുടെ മനസ്സില്‍ ഇടം നേടി.

ഇപ്പോള്‍ ടെസ്റ്റ് പരമ്പര ജയിച്ച ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകവുമായി. വിജയവുമായി ബന്ധപ്പെട്ട് നടരാജന്‍ ട്വീറ്ററില്‍ കുറിച്ച ഒരു കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ്.

'അവസാന രണ്ടു മാസങ്ങളില്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വിചിത്രമാണ്. ഇന്ത്യന്‍ ടീമിനൊപ്പം ചെലവഴിച്ച ദിനങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവമാണ്. ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നതായിരുന്നു എന്റെ സ്വപ്‌നം. ഓസ്‌ട്രേലിയയ്‌ക്കെതിരായ സീരിസ് ജയിക്കാന്‍ പല കടമ്പകളും താണ്ടേണ്ടിവന്നു. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി.'-നടരാജന്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഒരു ഏകദിനത്തില്‍ നിന്നും രണ്ട് വിക്കറ്റുകലും ഒരു ടെസ്റ്റില്‍ നിന്നും മൂന്നു വിക്കറ്റുകളും മൂന്ന് ട്വന്റി 20 മത്സരങ്ങളില്‍ നിന്നും ആറുവിക്കറ്റുകളും നടരാജന്‍ സ്വന്തമാക്കി

Content Highlights: T Natarajan shares his experience with Indian team against australia