സിഡ്‌നി: രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവിന് പകരക്കാരനായി പേസര്‍ ടി. നടരാജന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍. ബി.സി.സി.ഐ ആണ് ഇക്കാര്യം അറിയിച്ചത്. ഓസ്‌ട്രേലിയക്കെതിരേ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് നടരാജനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരക്കാരനായി ഷാര്‍ദുല്‍ താക്കൂറിനെയും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്ലെയിങ് ഇലവനിലേക്ക് നടരാജന്‍, ഷാര്‍ദുല്‍ എന്നിവരില്‍ ആര് വരുമെന്ന കാര്യം അറിയേണ്ടതുണ്ട്.

T Natarajan replaces injured Umesh Yadav for Test series

നേരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള റിസര്‍വ് ടീമില്‍ ഉണ്ടായിരുന്ന നടരാജനെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെയാണ് ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുന്നത്. 

തുടര്‍ന്ന് ഏകദിന പരമ്പരയ്ക്കിടെ നവ്ദീപ് സെയ്‌നിക്ക് പരിക്കേറ്റതോടെ ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. പിന്നാലെ ട്വന്റി 20 പരമ്പരയിലും താരത്തിന് അവസരം ലഭിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ടെസ്റ്റ് ടീമിലേക്കും നടരാജന് വിളിയെത്തിയിരിക്കുന്നത്.

അതേസമയം പ്ലെയിങ് ഇലവനിലെത്താന്‍ നടരാജനേക്കാള്‍ മുന്‍തൂക്കം ഷാര്‍ദുലിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാടിനു വേണ്ടി ഒരേയൊരു ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച അനുഭവമേ നടരാജനുള്ളൂ. മറുവശത്ത് ഷാര്‍ദുല്‍ മുംബൈ ടീമിനായി സ്ഥിരമായി ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുന്ന താരമാണ്.

Content Highlights: T Natarajan replaces injured Umesh Yadav for Test series