പുണെ: ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിലെ താരം സാം കറനായിരുന്നു. ഇംഗ്ലണ്ട് മത്സരം കൈവിട്ടെന്ന ഘട്ടത്തില്‍ ഒറ്റയ്ക്ക് സാം നടത്തിയ പോരാട്ടമാണ് ഇംഗ്ലണ്ടിനെ വിജയത്തിന് അടുത്തുവരെയെത്തിച്ചത്. ഒടുവില്‍ അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ് വേണമെന്നിരിക്കെ നന്നായി പന്തെറിഞ്ഞ ടി. നടരാജന്‍ ഇന്ത്യയ്ക്ക് ഏഴു റണ്‍സിന്റെ ജയം സമ്മാനിക്കുകയായിരുന്നു. പരമ്പര 2-1ന് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

മത്സരം അവസാനിച്ചതിനു പിന്നാലെ അവസാന ഓവര്‍ എറിഞ്ഞ നടരാജനെ അഭിനന്ദിച്ച് സാം കറന്‍ തന്നെ രംഗത്തെത്തി. 

''ഞങ്ങള്‍ കളി ജയിച്ചില്ല, പക്ഷേ കളിച്ച രീതിയില്‍ സന്തോഷമുണ്ട്. വിജയം തന്നെയാണ് എനിക്കിഷ്ടം. പക്ഷേ ഇതൊരു മികച്ച അനുഭവമാണ്. ഭൂരിഭാഗം പന്തുകളും കളിച്ച് മത്സരം അവസാനം വരെയെത്തിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. നടരാജന്‍ അവസാനം നന്നായി പന്തെറിഞ്ഞു, എന്തുകൊണ്ടാണ് അദ്ദേഹം ഒരു നല്ല ബൗളറാകുന്നതെന്ന് കണ്ടു. ഭുവിയും (ഭുവനേശ്വര്‍ കുമാര്‍) മികച്ച ബൗളറാണ്. അതാണ് അദ്ദേഹത്തെ ഞാന്‍ കളിക്കാതെ വിട്ടത്.'' - മത്സര ശേഷം സാം കറന്‍ പറഞ്ഞു.

83 പന്തില്‍ നിന്ന് 95 റണ്‍സുമായി സാം പുറത്താകാതെ നിന്നു. മോയിന്‍ അലി, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ് എന്നിവര്‍ക്കൊപ്പം യഥാക്രമം 32, 57, 60 റണ്‍സിന്റെ കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ച കറന്‍ അവസാനം വരെ ഇന്ത്യയെ സമ്മര്‍ദത്തിലാക്കുകയായിരുന്നു.

Content Highlights: T Natarajan bowled really well in the end says Sam Curran