ചെന്നൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുവേണ്ടിയുള്ള ട്വന്റി 20 ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് ജയം. ആദ്യ മത്സരത്തില്‍ ആന്ധ്രയെ 21 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്.
ടോസ് നേടിയ ആന്ധ്ര കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം ഓപ്പണര്‍ വിഷ്ണു വിനോദിന്റെ മികച്ച ബാറ്റിങ്ങിന്റെ ബലത്തില്‍ ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടിയായി ബാറ്റ് ചെയ്ത ആന്ധ്രയ്ക്ക് നിശ്ചിത ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ആന്ധ്രയെ മെരുക്കിയത് മൂന്ന് വിക്കറ്റെടുത്ത ബാസില്‍ തമ്പിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സന്ദീപ് വാര്യരും വിനോദ് കുമാറുമാണ്.
36 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത റിക്കി ഭുയിയാണ് ആന്ധ്രയുടെ ടോപ് സ്കോറര്‍. രവി തേജ 33 ഉം സന്ദീപ് വാര്യര്‍ എറിഞ്ഞ പത്തൊന്‍പതാം ഓവറില്‍ 18 റണ്‍സ് നേടിയ ഷൊയ്ബ് മുഹമ്മദ് ഖാന് ഏഴ് പന്തില്‍ നിന്ന് 20 ഉം റണ്‍സുമെടുത്തു. ഓപ്പണര്‍ കെ.എസ്. ഭരത് 30 പന്തില്‍ നിന്ന് 24 റണ്‍സെടുത്തു. ഡി.ബി.പ്രശാന്ത്കുമാും ഹനുമ വിഹാരിയും പൂജ്യത്തിന് പുറത്തായതാണ് ആന്ധ്രയ്ക്ക് ബാറ്റിങ്ങില്‍ തിരിച്ചടിയായത്.
ടോപ് ഓര്‍ഡറിന്റെ തകര്‍പ്പന്‍ അടിയാണ് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്താന്‍ കേരളത്തെ സഹായിച്ചത്. വിഷ്ണും 45 പന്തില്‍ നിന്ന് 63 ഉം ജലജ് സക്സേന 17 പന്തില്‍ നിന്ന് 22 ഉം സഞ്ജു സാംസണ് 22 പന്തില്‍ നിന്ന് 31ഉം റണ്‍സെടുത്തു. രോഹന് പ്രേം ഒന്‍പത് പന്തില്‍ നിന്ന് 16 ഉം ക്യാപ്റ്റന്‍ സച്ചിന് ബേബി എട്ട് പന്തില്‍ നിന്ന് 14 ഉം റൈഫി വിന്‍സന്റ് ഗോമസ് എട്ട് പന്തില്‍ നിന്ന് പന്ത്രണ്ടും റണ്‍സാണ് നേടിയത്.
ഈ ജയത്തില്‍ നിന്ന് കേരളത്തിന് നാല് പോയിന്റ് സമ്പാദ്യമായി.
മറ്റു മത്സരങ്ങളില്‍ ഹൈദരാബാദ് 51 റണ്‍സിന് ഗോവയെയും അസം നാല് വിക്കറ്റിന് ജാര്‍ഖണ്ഡിനെയും സര്‍വീസസ് നാലു വിക്കറ്റിന് ഹിമാചലിനെയും മധ്യപ്രദേശ് അഞ്ച് വിക്കറ്റിന് റെയില്വെയ്സിനെയും തോല്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..