തിരുവനന്തപുരം: ദേശീയ ടീമില്‍ ഉള്‍പ്പെട്ടിട്ടും കളിക്കാന്‍ അവസരം കിട്ടാത്തതിന്റെ ക്ഷീണം സഞ്ജു സാംസണ് അര്‍ധസെഞ്ചുറിയിലൂടെ തീര്‍ത്തിട്ടും കേരളത്തിന് തോല്‍വി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രാജസ്ഥാനാണ് ഏഴ് വിക്കറ്റിന് കേരളത്തെ തോല്‍പ്പിച്ചത്. കേരളം ഉയര്‍ത്തിയ 164 റണ്‍സ് 18 പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന് മറികടന്നു.
അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച രാജേഷ് ബിഷ്ണോയിയുടെ ഇന്നിങ്സാണ് രാജസ്ഥാന് കരുത്തായത്. ബിഷ്ണോയി 51 പന്തില്‍ മൂന്നു ഫോറും ആറു സിക്സുമടക്കം 76 റണ്‍സുമായി പുറത്താകാതെനിന്നു. 22 പന്തില്‍ ഒരു ഫോറും അഞ്ചു സിക്സും സഹിതം 44 റണ്‍സുമായി അര്‍ജിത് ഗുപ്ത ബിഷ്ണോയിക്ക് ഉറച്ച പിന്തുണ നല്കി. നാലാം വിക്കറ്റില്‍ ബിഷ്ണോയി അര്‍ജിത് സഖ്യം 83 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ഓപ്പണര്‍ മനേന്ദ്ര സിങ്ങിനെ പുറത്താക്കി കെ.എം. ആസിഫ് കേരളത്തിന് പ്രതീക്ഷ നല്‍കിയിരുന്നു. രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത അങ്കിത് ലാംബ - ബിഷ്ണോയ് സഖ്യം രാജസ്ഥാനെ മുന്നോട്ട് നയിച്ചു. അങ്കിത് ലാംബ 35 റണ്‍സെടുത്തു പുറത്തായി. മഹിപാല്‍ ലോംറോര്‍ അഞ്ചു പന്തില്‍ മൂന്നു റണ്‍സെടുത്ത് പുറത്തായി. കേരളത്തിനായി കെ.എം. ആസിഫ്, അക്ഷയ് ചന്ദ്രന്, എസ്. മിഥുന് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം സഞ്ജു സാംസണ് (39 പന്തില്‍ 53), സച്ചിന് ബേബി (29 പന്തില്‍ 47) എന്നിവരുടെ ബലത്തിലാണ് 164 റണ്‍സ് എന്ന നിലയിലേക്ക് എത്തിയത്. ദേശീയ ടീം താരങ്ങളായ ദീപക് ചാഹറും ഖലീല്‍ അഹമ്മദും ഉള്‍പ്പെട്ട രാജസ്ഥാന് ബോളിങ് നിരക്കെതിരെയായിരുന്നു സഞ്ജുവിന്റെ പ്രകടനം. ആത്മവിശ്വാസത്തോടെയാണ് ദീപക് ചാഹറും ഖലീല്‍ അഹമ്മദും ഉള്‍പ്പെടെയുള്ള രാജസ്ഥാന്റെ ബോളിങ് നിരയെ നേരിട്ടത്. വിഷ്ണു വിനോദിനൊപ്പം 64 റണ്‍സ് കൂട്ടുകെട്ടാണ് സഞ്ചു തീര്‍ത്തത്. 46 പന്തില്‍നിന്നാണ് ഇരുവരും 64 റണ്‍സ് നേടി.
ഓപ്പണര്‍ വിഷ്ണു വിനോദ് 30 പന്തില്‍ 36 റണ്‍സെടുത്തു. ഓപ്പണറുടെ റോളിലെത്തിയ ജലജ് സക്സേന നേരത്തെ മടങ്ങി. പിന്നീട് ക്രീസില്‍ ഒരുമിച്ച സഞ്ജുവും വിഷ്ണു വിനോദും ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തിയെങ്കിലും ടീം സ്കോര്‍ 90ല്‍ നില്‍ക്കെ വിഷ്ണു പുറത്തായി. 30 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം 36 റണ്‍സെടുത്ത വിഷ്ണുവിനെ തന്‍വീര്‍ ഉള് ഹഖ് എല്‍ബിയില്‍ കുരുക്കി.സ്കോര്‍ 117ല്‍ നില്‍ക്കെ സഞ്ജുവും മടങ്ങി. സഞ്ജുവിനെ രാഹുല്‍ ചാഹര്‍ റണ്ണൗട്ടാക്കി.
നാലാം വിക്കറ്റില്‍ റോബിന് ഉത്തപ്പ - സച്ചിന് ബേബി സഖ്യം ആഞ്ഞടിച്ചതോടെ കേരളം മികച്ച സ്കോറിലേക്ക് മുന്നേറി. ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 43 റണ്‍സ്. തകര്‍ത്തടിച്ച് മുന്നേറിയ സച്ചിന് ബേബിയാണ് ആദ്യം പുറത്തായത്. 19ാം ഓവറിന്റെ അവസാന പന്തില്‍ ദീപക് ചാഹറാണ് സച്ചിനെ മടക്കിയത്. 29 പന്തില്‍ 47 റണ്‍സായിരുന്നു സമ്പാദ്യം.
രാജസ്ഥാനായി ദേശീയ ടീം അംഗങ്ങളായ ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ചാഹര്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയും ഖലീല്‍ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങിയുമാണ് രണ്ടു വിക്കറ്റ് വീതം പിഴുതത്.
Content Highlights: Syed Mushtaq Ali Trophy, Rajasthan vs Kerala