ന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് തമിഴ്‌നാട് സെമിയില്‍. കേരളം ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന തമിഴ്‌നാട് 3 പന്തുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം കണ്ടു.

ഹരി നിഷാന്ത് (22 പന്തില്‍ 32), സായ് സുദര്‍ശന്‍ (31 പന്തില്‍ 46), വിജയ് ശങ്കര്‍ (26 പന്തില്‍ 33), സഞ്ജയ് യാദവ് (22 പന്തില്‍ 32) എന്നിവരുടെ ഇന്നിങ്‌സുകളാണ് തമിഴ്‌നാടിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ഷാരൂഖ് ഖാന്‍ ഒമ്പത് പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു.

കേരളത്തിനായി മനുകൃഷ്ണന്‍ മാത്രമാണ് ഭേദപ്പെട്ട ബൗളിങ് പ്രകടനം പുറത്തെടുത്തത്. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയ താരം മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തിരുന്നു.

ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും വിഷ്ണു വിനോദും കേരളത്തിനായി അര്‍ധ സെഞ്ചുറി നേടി. രോഹന്‍ 43 പന്തുകള്‍ നേരിട്ട് അഞ്ചു ബൗണ്ടറിയടക്കം 51 റണ്‍സെടുത്തു. എന്നാല്‍ തമിഴ്നാടിനായി ബൗളര്‍മാരെ നിലംതൊടീക്കാതെ പറത്തി 26 പന്തില്‍ നിന്ന് ഏഴു സിക്സും രണ്ടു ഫോറുമടക്കം 65 റണ്‍സോടെ പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തെ 181-ല്‍ എത്തിച്ചത്. 

ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റേത് മികച്ച തുടക്കമായിരുന്നു. ഓപ്പണര്‍മാരായ രോഹനും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് 39 പന്തില്‍ 45 റണ്‍സടിച്ചു. 14 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത അസ്ഹറുദ്ദീനെ മടക്കി മുരുഗന്‍ അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

രണ്ടാം വിക്കറ്റില്‍ സച്ചിന്‍ ബേബിയെ കൂട്ടുപിടിച്ച് 46 റണ്‍സും രോഹന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 13-ാം ഓവറില്‍ രോഹനെയും തുടര്‍ന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണെയും (0) മടക്കി സഞ്ജയ് യാദവ് കേരളത്തെ ഞെട്ടിച്ചു. 

തുടര്‍ന്നായിരുന്നു സച്ചിന്‍ ബേബിയെ കൂട്ടുപിടിച്ച് വിഷ്ണുവിന്റെ വെടിക്കെട്ട്. സച്ചിന്‍ 32 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് 19-ാം ഓവറില്‍ മടങ്ങി. സജീവന്‍ അഖില്‍ ഒമ്പത് റണ്‍സുമായി പുറത്താകാതെ നിന്നു.

Content Highlights: syed mushtaq ali trophy 2021-22 tamil nadu vs kerala quarter final