ന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മിന്നുന്ന പ്രകടനവുമായി വിദര്‍ഭയുടെ ദര്‍ശന്‍ നാല്‍കണ്ഡെ. കര്‍ണാടകയ്‌ക്കെതിരായ സെമി ഫൈനലില്‍ ഡബിള്‍ ഹാട്രിക്ക് നേടിയാണ് ദര്‍ശന്‍ ആരാധകരുടെ മനംകവര്‍ന്നത്. പക്ഷേ വിദര്‍ഭയെ വിജയത്തിലേക്ക് നയിക്കാന്‍ അത് മാത്രം മതിയാകുമായിരുന്നില്ല. ആവേശകരമായ മത്സരത്തിനൊടുവില്‍ നാല് റണ്‍സിന് കര്‍ണാടക വിദര്‍ഭയെ തോല്‍പ്പിച്ചു.

ഇതോടെ കഴിഞ്ഞ തവണത്തെ ഫൈനലിന്റെ തനിയാവര്‍ത്തനമാണ് നടക്കാന്‍ പോകുന്നത്. തമിഴ്‌നാടാണ് കലാശക്കളിയില്‍ കര്‍ണാടകയുടെ എതിരാളികള്‍. കഴിഞ്ഞ ടൂര്‍ണമെന്റില്‍ കര്‍ണാടകയെ തോല്‍പ്പിച്ച് തമിഴ്‌നാട് കിരീടം നേടിയിരുന്നു. 

വിദര്‍ഭയ്‌ക്കെതിരേ ആദ്യം ബാറ്റു ചെയ്ത കര്‍ണാടക നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് അടിച്ചെടുത്തു. 87 റണ്‍സെടുത്ത രോഹന്‍ കദം, 54 റണ്‍സെടുത്ത മനീഷ് പാണ്ഡെ എന്നിവരുടെ ഓപ്പണിങ് വിക്കറ്റിലെ കൂട്ടുകെട്ടാണ് കര്‍ണാടകയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഈ കൂട്ടുകെട്ട് പൊളിഞ്ഞശേഷം കര്‍ണാടക ചൂട്ടുകൊട്ടാരം പോലെ തകര്‍ന്നു. പിന്നീട് ക്രീസിലെത്തിയവരില്‍ രണ്ടക്കം കണ്ടത് 13 പന്തില്‍ 27 റണ്‍സെടുത്ത അഭിനവ് മനോഹര്‍ മാത്രമാണ്.  

ഈ കൂട്ടത്തകര്‍ച്ചയ്ക്ക് ദര്‍ശന്റെ ബൗളിങ്ങും നിര്‍ണായമായി. അവസാന ഓവറില്‍ തുടര്‍ച്ചയായ നാല് പന്തുകളില്‍ നാല് വിക്കറ്റാണ് ദര്‍ശന്‍ വീഴ്ത്തിയത്. അനിരുദ്ധ ജോഷി, ശരത്, ജെ സുജിത്, അഭിനവ് മനോഹര്‍ എന്നിവരാണ് പുറത്തായത്. അവസാന രണ്ട് ഓവറില്‍ കര്‍ണാടക നേടിയത് രണ്ട് റണ്‍സ് മാത്രം. 

മറുപടി ബാറ്റിങ്ങില്‍ വിദര്‍ഭ മികച്ച രീതിയില്‍ മുന്നേറി. അവസാന ഓവറില്‍ വിജയിക്കാന്‍ 14 റണ്‍സ് വേണമായിരുന്നു. എന്നാല്‍ ഒമ്പത് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 16 പന്തില്‍ മൂന്നു ഫോറും രണ്ടും സിക്‌സും സഹിതം 32 റണ്‍സെടുത്ത അഥര്‍വ തായ്‌ഡെയാണ് ടോപ്പ് സ്‌കോറര്‍.

Content Highlights: Syed Mushtaq Ali T20: 4 wickets in 4 balls for Nalkande Karnataka beat Vidarbha to storm into final