Photo: AFP
റാഞ്ചിയില്‍ നിന്നുള്ള ഒരു നീളന്‍ മുടിക്കാരന്‍ പയ്യന്‍ തികച്ചും യാദൃശ്ചികമായിട്ടാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ സയ്യിദ് കിര്‍മാനിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ആ തിരഞ്ഞെടുപ്പ് പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഒരു പ്രധാന ഏടുകളിലൊന്നായി മാറി. ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനു വേണ്ടിയുള്ള ഇന്ത്യയുടെ ദീര്‍ഘ കാലത്തെ തിരച്ചിലാണ് എം.എസ് ധോനിയെന്ന റാഞ്ചിക്കാരനിലെത്തി നിന്നത്. ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനില്‍ നിന്ന് പിന്നീട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായി ധോനി വളരുകയും ചെയ്തു.
2004-ലെ ദിയോദാര്‍ ട്രോഫിക്കിടയിലെ ധോനിയുടെ പ്രകടനമാണ് അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്ക് വഴിതുറന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഈസ്റ്റ് സോണിനായി കളത്തിലിറങ്ങിയ ധോനി അന്ന് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇരുന്നിടത്തേക്ക് കൂറ്റന്‍ സിക്‌സറുകള്‍ പായിച്ച് ശ്രദ്ധ ക്ഷണിച്ച സംഭവം ധോനിയുടെ ബയോപിക്കില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ ഈസ്റ്റ് സോണ്‍ ടീമിലേക്ക് ധോനി എങ്ങനെ എത്തിയെന്ന കാര്യം പലര്‍ക്കും അറിയില്ല. അടുത്തിടെ സയ്യിദ് കിര്‍മാനിയാണ് അക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
അന്ന് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കിര്‍മാനി പറഞ്ഞത് ഇങ്ങനെ -
''ധോനിയെ ടീമിലേക്ക് തിരഞ്ഞെടുത്തത് എങ്ങനെയാണെന്നതിനെ കുറിച്ച് ഇതിനു മുമ്പ് ഞാന്‍ ആരോടും വെളിപ്പെടുത്തിയിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനും ഈസ്റ്റ് സോണിലെ എന്റെ സഹ സെലക്ടറായിരുന്ന പ്രണബ് റോയിയും ഒരു രഞ്ജി ട്രോഫി മത്സരം കാണുകയായിരുന്നു. ഏത് മത്സരമായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ജാര്‍ഖണ്ഡില്‍ നിന്ന് പ്രോമിസിങ്ങായിട്ടുള്ള ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുണ്ടെന്നും അദ്ദേഹം സെലക്ഷന്‍ അര്‍ഹിക്കുന്നുണ്ടെന്നും പ്രണബ് ഇടയ്ക്ക് വെച്ച് എന്നോട് പറഞ്ഞു. ഈ മത്സരത്തില്‍ കീപ്പ് ചെയ്യുന്നത് അവനാണോ എന്ന് ഞാന്‍ ചോദിച്ചു. അല്ല, ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയാണെന്ന് പ്രണബ് മറുപടി നല്‍കി. അപ്പോള്‍ അവിടെ വെച്ച് ഞാന്‍ ധോനിയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രകടനം പരിശോധിച്ചു. ധോനിയുടെ ബാറ്റിങ്ങിലെ സ്ഥിരത അദ്ഭുതകരമായിരുന്നു. അന്ന് ധോനി വിക്കറ്റ് കീപ്പ് ചെയ്യുന്നത് കാണാന്‍ നില്‍ക്കാതെ തന്നെ ഞാന്‍ ധോനിയെ ഈസ്റ്റ് സോണിലേക്ക് തിരഞ്ഞെടുത്തു. പിന്നീട് നടന്നതെല്ലാം ചരിത്രം.''
ധോനിയെ ക്യാപ്റ്റനായി നിയമിച്ചത് ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിച്ച മികച്ച കാര്യമാണെന്നും കിര്‍മാനി കൂട്ടിച്ചേര്‍ത്തു. ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ പ്രാധാന്യമെന്താണെന്ന് ധോനി തെളിയിച്ചു. ധോനിയെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുന്നത് ഒരു അധിക ചുമതലയാകുമെന്നും അത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്നും ആ സമയത്ത് സെലക്ഷന്‍ കമ്മിറ്റിയില്‍ അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം തെറ്റായിരുന്നുവെന്ന് ധോനി തെളിയിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും കിര്‍മാനി പറഞ്ഞിരുന്നു.
Content Highlights: Syed Kirmani narrates the story of MS Dhoni s selection in the Indian team
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..