ലഖ്‌നൗ: അസാധാരണമായ ബൗളിങ് ആക്ഷനിലൂടെ ചില താരങ്ങള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇത്തരത്തില്‍ ബൗളിങ് ആക്ഷനിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള താരം ശിവ സിംഗ്. സികെ നായിഡു ട്രോഫിയില്‍ ബംഗാളിനെതിരെ ആയിരുന്നു ശിവ സിംഗിന്റെ സ്വിച്ച് ബൗളിങ്.

ഇടങ്കയ്യന്‍ ബൗളറായ ശിവ സിംഗ് റണ്ണപ്പിനൊടുവില്‍ 360 ഡിഗ്രി കറങ്ങിത്തിരിഞ്ഞ് പന്തെറിയുകയായിരുന്നു. ഈ ആക്ഷന്‍ കണ്ട് അമ്പയറും കളിക്കാരും കാണികളും അന്തംവിട്ടു. ബി.സി.സി.ഐയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. സ്വിച്ച് ഹിറ്റിന് സമാനമായ ഈ സ്വിച്ച് ബൗളിങ് പരീക്ഷിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ അമ്പയര്‍ വിനോദ് ഷീഷാന്‍ ഈ പന്ത് അനുവദിച്ചില്ല. ശിവയുടേത് സാധാരണ ബൗളിങ് ആക്ഷനല്ലെന്ന് വ്യക്തമാക്കിയ അമ്പയര്‍ ഡെഡ് ബോള്‍ വിളിക്കുകയായിരുന്നു. ശിവയുടെ സാധാരണ ബൗളിംഗ് ആക്ഷനല്ല ഇത്. ചില അപൂര്‍വ അവസരങ്ങളില്‍ മാത്രമാണ് ശിവ സിംഗ് ഇത്തരത്തില്‍ ബൗള്‍ ചെയ്യാറുള്ളത്. അതുകൊണ്ടാണ് ശിവ എറിഞ്ഞ പന്ത് ഡെഡ് ബോള്‍ വിളിച്ചതെന്നും വിനോദ് വ്യക്തമാക്കി. ബാറ്റ്‌സ്മാന്റെ ശ്രദ്ധ തിരിക്കാനായി നടത്തിയ ബൗളിങ് ആക്ഷന്‍ ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്തതാണെന്നും രസൈമണ്‍ ടോഫല്‍ അടക്കമുള്ള അമ്പയര്‍മാരുടെ പിന്തുണ തനിക്കുണ്ടെന്നും വിനോദ് ചൂണ്ടിക്കാട്ടുന്നു. 

Content Highlights: Switch Bowling Action Is Taking The Internet By Storm