ജയ്പുര്‍: ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കാനായതിന്റെ ആഹ്ലാദത്തിലാണ് സൂര്യകുമാര്‍ യാദവ്. മത്സരത്തില്‍ 40 പന്തില്‍ നിന്ന് 62 റണ്‍സെടുത്ത സൂര്യകുമാറിന്റെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

വിരാട് കോലി പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് സ്ഥാനമായ മൂന്നാം നമ്പറിലാണ് സൂര്യകുമാര്‍ ഇന്ത്യയ്ക്കായി ബാറ്റിങ്ങിനിറങ്ങിയത്. ഇപ്പോഴിതാ മത്സരത്തിനു ശേഷം കോലിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂര്യകുമാര്‍. 

ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തില്‍ കോലി, സൂര്യകുമാറിനെ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സൂര്യകുമാറിന്റെ വാക്കുകള്‍.

ചെറിയ പരിക്ക് കാരണം ട്വന്റി 20 ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ പുറത്തിരിക്കേണ്ടിവന്നതില്‍ താന്‍ നിരാശനായിരുന്നു. ഇത് കണ്ടാണ് കോലി നമീബിയക്കെതിരായ ടീമിന്റെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ താരത്തെ മൂന്നാം നമ്പറിലിറക്കിയത്. മാത്രമല്ല ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരായ സൂര്യകുമാറിന്റെ അരങ്ങേറ്റ മത്സരത്തിലും കോലി സ്വന്തം സ്ഥാനം ഉപേക്ഷിച്ച് താരത്തെ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറക്കിയിരുന്നു.

''ന്യൂസീലന്‍ഡിനെതിരായ മത്സരം നഷ്ടമായപ്പോള്‍ ഞാന്‍ ശരിക്കും നിരാശനായിരുന്നു. ട്വന്റി 20 ലോകകപ്പില്‍ എന്റേതായ ഒരു മുദ്രപതിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എനിക്ക് ഓര്‍മയുണ്ട് ഇംഗ്ലണ്ടിനെതിരേ ഞാന്‍ അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ അദ്ദേഹമാണ് (കോലി) അദ്ദേഹത്തിന്റെ സ്ഥാനം ത്യജിച്ച് എന്നെ മൂന്നാം നമ്പറിലിറക്കിയത്. എന്നിട്ട് അദ്ദേഹം നാലാം നമ്പറില്‍ കളിച്ചു. ലോകകപ്പിലും അതേപോലെയായിരുന്നു. ലോകപ്പ് മത്സര സമയം ലഭിക്കാന്‍ എന്നോട് ബാറ്റിങ്ങിനിറങ്ങണോ എന്ന് അദ്ദേഹം ചോദിച്ചു. ആ മത്സരം ഞാന്‍ നന്നായി ആസ്വദിക്കുകയും ചെയ്തു'', സൂര്യകുമാര്‍ പറഞ്ഞു.

Content Highlights: suryakumar yadav showers praises on virat kohli