മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ വി.വി.എസ്.ലക്ഷ്മണ്‍. വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ക്കുള്ള ഉത്തമ മാതൃകയാണ് സൂര്യകുമാര്‍ യാദവ് എന്നാണ് ലക്ഷ്മണിന്റെ അഭിപ്രായം.

ഇംഗ്ലണ്ടിനെതിരായ അഞ്ചുമത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയില്‍ സൂര്യകുമാര്‍ ഇടം നേടിയിട്ടുണ്ട്. 31 വയസ്സുകാരനായ താരത്തിന് ഇതാദ്യമായാണ് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. ഇതാണ് ലക്ഷ്മണിനെ അത്ഭുതപ്പെടുത്തിയത്. ലക്ഷ്യത്തിനായി ആത്മാര്‍ഥമായി പ്രയത്‌നിച്ചാല്‍ അതെത്ര വൈകിയാലും നമുക്ക് നേടാനാകുമെന്ന് സൂര്യകുമാര്‍ യാദവ് തെളിയിച്ചുതന്നുവെന്ന് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. 

'സൂര്യകുമാര്‍ യാദവ് വൈകിയാണെങ്കിലും അദ്ദേഹത്തിന്റെ സ്വപ്നത്തിലെത്തി. അദ്ദേഹം യുവതാരങ്ങള്‍ക്ക് നല്ലൊരു മാതൃകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോഡുണ്ടായിരുന്നിട്ടും അദ്ദേഹത്തിന് ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നു. പക്ഷേ അദ്ദേഹം നിരാശപ്പെട്ടില്ല. ക്ഷമയോടെ കാത്തിരുന്നു. കിട്ടിയ അവസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നില്ലെങ്കില്‍ വാതില്‍ തള്ളിത്തുറക്കണം. അത് മികച്ച പ്രകടനത്തോടെ മാത്രമേ സാധിക്കൂ. അതാണ് സൂര്യകുമാര്‍ ചെയ്തത്. ഈ നേട്ടം എല്ലാ യുവതാരങ്ങളും കണ്ടുപഠിക്കണം'- ലക്ഷ്മണ്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച സൂര്യകുമാര്‍ യാദവിനെ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്താത്തതിനെത്തുടര്‍ന്ന് വലിയ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. ഒടുവില്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ താരത്തിന് അവസരം ലഭിച്ചു. ഇഷാന്‍ കിഷന്‍, രാഹുല്‍ തെവാത്തിയ എന്നിവര്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. 

Content Highlights: Suryakumar Yadav, perfect role model for youngsters, says Laxman