അഹമ്മദാബാദ്: സ്വപ്‌നതുല്യമായ തുടക്കമാണ് ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന് ലഭിച്ചത്. ബാറ്റിങ്ങിനിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചുറിയുമായി ടീമിന്റെ നെടുംതൂണാകാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം. 

അതേസമയം ഡേവിഡ് മലാന്റെ വിവാദ ക്യാച്ചില്‍ പുറത്തായതില്‍ നിരാശയില്ലെന്നും താരം പറഞ്ഞു. ചില കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തില്‍ അല്ലല്ലോ എന്നും സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യ പന്ത് നേരിടുമ്പോള്‍ ആര്‍ച്ചര്‍ക്കെതിരേ കൃത്യമായ പ്ലാന്‍ ഉണ്ടായിരുന്നുവെന്നും സൂര്യകുമാര്‍ പറഞ്ഞു. ഇന്ത്യയ്ക്കായി മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ലഭിച്ചത് മികച്ച അവസരമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

മത്സരത്തിനിടെ ഇംഗ്ലണ്ട് ടീം എടുത്ത രണ്ടു ക്യാച്ചുകളില്‍ കാര്യമായ സംശയം ഉണ്ടായിരുന്നു. സാം കറന്റെ പന്തില്‍ സൂര്യകുമാര്‍ യാദവിനെ ഡേവിഡ് മലാന്‍ ക്യാച്ചെടുത്തശേഷം പന്ത് ഗ്രൗണ്ടില്‍ മുട്ടുന്നതായി സംശയമുണ്ടായി. ഫീല്‍ഡ് അമ്പയറുടെ സോഫ്റ്റ് സിഗ്നല്‍ ഔട്ടായതിനാല്‍ മൂന്നാം അമ്പയറും ഇക്കാര്യത്തില്‍ ഔട്ട് വിധിക്കുകയായിരുന്നു.

അതേസമയം അവസാന ഓവറില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ഷോട്ട് തേര്‍ഡ് മാനില്‍ ആദില്‍ റഷീദ് പിടിച്ചപ്പോള്‍ ഒരു കാല്‍ ബൗണ്ടറിയില്‍ മുട്ടിയിരുന്നോ എന്ന് സംശയമുയര്‍ന്നു. ഇതും തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചു. 

Content Highlights: Suryakumar Yadav Not Disappointed" With the Dismissal