Photo: AFP
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ ട്വന്റി 20 റാങ്കിങ്ങില്‍ സൂര്യകുമാര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ബാറ്റര്‍മാരുടെ പട്ടികയില്‍ സൂര്യകുമാര്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 906 റേറ്റിങ്ങുമായി ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. മറ്റ് ഇന്ത്യന്‍ താരങ്ങളായ ശുഭ്മാന്‍ ഗില്ലും അര്‍ഷ്ദീപ് സിങ്ങും ഹാര്‍ദിക് പാണ്ഡ്യയും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി.
തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഗില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ 30-ാം സ്ഥാനത്തെത്തി. ഗില്ലിന്റെ ട്വന്റി 20 കരിയറിലെ ഏറ്റവും മികച്ച സ്ഥാനമാണിത്. ഈയിടെ അവസാനിച്ച ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20യില്‍ ഗില്‍ സെഞ്ചുറി നേടി ഏവരെയും ഞെട്ടിച്ചിരുന്നു.
മത്സരത്തില്‍ വെറും 63 പന്തുകളില്‍ നിന്ന് 126 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 23 കാരനായ ഗില്‍ ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടിക്കൊണ്ട് ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആറാം സ്ഥാനത്തെത്തിയിട്ടുണ്ട്.
ബാറ്റര്‍മാരുടെ ട്വന്റി 20 റാങ്കിങ്ങില്‍ സൂര്യകുമാര്‍ മാത്രമാണ് ആദ്യ പത്തിലുള്ളത്. സൂര്യകുമാറിന് ശേഷം റാങ്കിങ്ങില്‍ മുന്നിലുള്ളത് വിരാട് കോലിയാണ്. ഒരുസ്ഥാനം നഷ്ടപ്പെട്ട കോലി നിലവില്‍ 15-ാം റാങ്കിലാണ്. നായകന്‍ രോഹിത് ശര്‍മ 29-ാം സ്ഥാനത്താണ്.
എന്നാല്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ നേട്ടമുണ്ടാക്കി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഹാര്‍ദിക് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തി. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സനാണ് രണ്ടാമത്.
ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒറ്റ ഇന്ത്യന്‍ താരം പോലുമില്ല. എന്നാല്‍ യുവതാരം അര്‍ഷ്ദീപ് സിങ് തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ റാങ്കിങ്ങില്‍ വന്‍ കുതിപ്പ് നടത്തി. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അര്‍ഷ്ദീപ് റാങ്കിങ്ങില്‍ 13-ാം സ്ഥാനത്തെത്തി. ട്വന്റി 20യില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന റാങ്കിലുള്ള താരവും അര്‍ഷ്ദീപാണ്. 21-ാം റാങ്കിലുള്ള ഭുവനേശ്വര്‍ കുമാറാണ് രണ്ടാമത്.
Content Highlights: suryakumar holds his first position in t20 rankings
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..