-
മുംബൈ: പലപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻമാരെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ കപിൽ ദേവ്, സൗരവ് ഗാംഗുലി, എം.എസ് ധോനി, വിരാട് കോലി എന്നീ പേരുകളാണ് ഉയർന്നുവരാറുള്ളത്. രാഹുൽ ദ്രാവിഡിനെ അവഗണിക്കുകയാണ് പതിവ്. ഇക്കാര്യം ഈ അടുത്ത് ഗൗതം ഗംഭീർ ചൂണ്ടിക്കാട്ടിയിരുന്നു. ദ്രാവിഡിനെ ഇത്തരത്തിൽ അവഗണിക്കരുതെന്നും ഗംഭീർ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസി മികവിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ താരം സുരേഷ് റെയ്ന. പാക് വിക്കറ്റ് കീപ്പർ കമ്രാൻ അക്മലിനെ പുറത്താക്കാൻ ദ്രാവിഡ് ഫീൽഡ് സെറ്റ് ചെയ്തതിനെ കുറിച്ചാണ് റെയ്നയുടെ വെളിപ്പെടുത്തൽ.
2006-ൽ മുൾട്ടാനിൽ നടന്ന ഇന്ത്യ-പാകിസ്താൻ പരമ്പരയിലെ നാലാം ഏകദിനം. പാകിസ്താൻ വിക്കറ്റ് നഷ്ടം കൂടാതെ 14 റൺസെടുത്തു നിൽക്കുമ്പോൾ ഇർഫാൻ പഠാൻ തന്റെ നാലാം ഓവർ എറിയാനെത്തി. ഇന്ത്യയുടെ ഏഴാം ഓവറായിരുന്നു അത്. ആദ്യ പന്തിൽ സിംഗിളെടുത്ത സൽമാൻ ബട്ട് സ്ട്രൈക്ക് കമ്രാൻ അക്മലിന് കൈമാറി.
ആ പന്തിൽ ഫീൽഡ് സെറ്റ് ചെയ്യുമ്പോൾ പോയിന്റിൽ നിൽക്കാമോ എന്ന് ദ്രാവിഡ് എന്നോട് ചോദിച്ചു. എവിടെ നിൽക്കണം എന്നു പറഞ്ഞാൽ മതിയെന്ന് ഞാൻ മറുപടി നൽകി. പോയിന്റിൽ മുൻപിലേക്ക് ആഞ്ഞ് ക്യാച്ച് എടുക്കാൻ തയ്യാറായി നിൽക്കണം എന്ന് അദ്ദേഹം പറഞ്ഞു.
പിന്നാലെ അക്മലിനെ പഠാൻ കുരുക്കി. ഓഫ് സ്റ്റമ്പിന് ലൈനിന് പുറത്തായി വന്ന പന്ത് അക്മൽ ശക്തിയായി അടിച്ചു. ഞാൻ പന്ത് ഒന്നു കണ്ടതേയുള്ളൂ. അപ്പോഴേക്കും അത് എന്റെ കൈയിലെത്തി. അടുത്ത പന്തിൽ ക്യാച്ച് വരും എന്ന ദ്രാവിഡിന്റെ ദീർഘവീക്ഷണം തന്നെ അദ്ഭുതപ്പെടുത്തിയെന്നും റെയ്ന പറയുന്നു. എബിപി ന്യൂസിൽ കപിൽ ദേവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റെയ്ന.
അന്ന് പാകിസ്താൻ 161 റൺസിന് പുറത്തായി. നാല് വിക്കറ്റെടുത്ത ആർപി സിങ്ങും മൂന്നു വിക്കറ്റ് വീഴ്ത്തിയ പഠാനുമാണ് പാകിസ്താനെ ചെറിയ സ്കോറിലൊതുക്കിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 32.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയിച്ചു. ദ്രാവിഡ് 59 റൺസ് നേടിയപ്പോൾ റെയ്ന 32 റൺസോടെ പുറത്താകാതെ നിന്നു.
content highlights: Suresh Raina reveals master plan of Rahul Dravid
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..