മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദനിത്തില്‍ സുരേഷ് റെയ്‌ന കളിക്കില്ല. പനി ബാധിച്ച റെയ്‌നയുടെ ആരോഗ്യം മോശമാണെന്നും ഞായറാഴ്ച ധര്‍മ്മശാലയിലെ ഏകദിനത്തില്‍ റെയ്‌നയുണ്ടാകില്ലെന്നും ബി.സി.സി.ഐ ട്വീറ്റ് ചെയ്തു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മുംബൈയില്‍ നടന്ന ഏകദിനത്തിലാണ് റെയ്‌ന അവസാനം കളിച്ചത്. അന്ന് ഇന്ത്യ 214 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരെയും സിംബാബ്‌വെയ്ക്കെതിരെയുമുള്ള ടീമില്‍ നിന്ന് റെയ്‌നയെ ഒഴിവാക്കിയിരുന്നു.

റെയ്‌നക്ക് പകരം മറ്റൊരു ബാറ്റ്‌സ്മാനെ ടീമിലെടുക്കുന്ന കാര്യത്തില്‍ ബി.സി.സി.ഐ തീരുമാനമെടുത്തിട്ടില്ല. റെയ്‌നക്ക് പകരക്കാരനായി ടീമിലെത്താന്‍ സാധ്യതയുള്ളത് മന്‍ദീപ് സിംഗാണ്. ഈ വര്‍ഷമാദ്യം സിംബാബ്‌വെക്കെതിരായ ട്വന്റി-ട്വന്റിയില്‍ മന്‍ദീപ് കളിച്ചിരുന്നു.

31, പുറത്താകാതെ 52 ,4 എന്നിങ്ങനെയായിരുന്നു സിംബാബ്‌വെക്കെതിരെ മന്‍ദീപിന്റെ പ്രകടനം. റെയ്‌നക്ക് പകരം ടീമിലെത്തുകയാണെങ്കില്‍ മന്‍ദീപിന്റെ ഏകദിന അരങ്ങേറ്റത്തിന് കൂടിയാണ് ധര്‍മ്മശാല വേദിയാകുക.