ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിക്കറ്റ് ഭരണസമിതിയായ ബിസിസിഐയുടെ പ്രസിഡന്റ് പസിഡന്റ് അനുരാഗ് ഠാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ എന്നിവരെ സുപ്രീം കോടതി പുറത്താക്കി.
ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതിയില്‍ തെറ്റായ സത്യവാങ് മൂലം നല്‍കിയതിനും കോടതിയലക്ഷ്യം കാട്ടിയതിനും അനുരാഗ് ഠാക്കൂറിന് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. ജനവരി 19 ന് മറുപടി നല്‍കാനാണ് കോടതി നിര്‍ദേശം.
ബിസിസിഐക്ക് പുതിയ ഭരണ സമിതിയെ നിയമിക്കണം എന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വൈസ്പ്രസിഡന്റിനും ജോയിന്റ് സെക്രട്ടറിക്കുമാണ് പകരം ചുമതല.
അഴിമതി തുടച്ചു കളഞ്ഞ് ക്രിക്കറ്റിനെ ശുദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധയുടെ നേതൃത്വത്തില്‍ രൂപവത്ക്കരിച്ച ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്തതിന് ബിസിസിഐയ്ക്ക് സുപ്രീം കോടതി പലതവണ മുന്നറിയിപ്പുകള്‍ കൊടുത്തിരുന്നു. ഇത് അവഗണിച്ചതാണ് ഇപ്പോഴത്തെ കടുത്ത നടപടിക്ക് കാരണം.
ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിക്കാത്ത ബിസിസിഐയിലേയും സംസ്ഥാന അസോസിയേഷനുകളിലെയും എല്ലാ ഉദ്യോഗസ്ഥരും സ്ഥാനമൊഴിയണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Read More | അനുരാഗ് ഠാക്കൂര്‍: കളിച്ച് വളര്‍ന്ന രാഷ്ട്രീയക്കാരന്‍
ബിസിസിഐയെ വരച്ച വരയില്‍ നിര്‍ത്താനറിയാം, കോടതി ഉത്തരവ് അവഗണിച്ച അനുരാഗ് ഠാക്കൂറിനെതിരെ നടപടിയെടുക്കും തുടങ്ങിയ രൂക്ഷമായ പരാമര്‍ശങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. അനുരാഗ് ഠാക്കൂര്‍ ഇന്നുതന്നെ ഓഫീസ് ഒഴിയണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഫാലി എസ്. നരിമാനെയും ഗോപാല്‍ സുബ്രഹ്മണ്യത്തെയും അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചിട്ടുണ്ട്. ഇവരാകും പുതിയ ഭരണസമിതിയെ നിര്‍ദേശിക്കുക. കേസ് ജനുവരി 19ന് വീണ്ടും പരിഗണിക്കും.
എഴുപത് വയസ്സിനുമേല്‍ പ്രായമുള്ളവര്‍, മന്ത്രിമാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ശിക്ഷിക്കപ്പെട്ടിട്ടുള്ളവര്‍, തുടര്‍ച്ചയായി ഒമ്പത് വര്‍ഷം ഭാരവാഹികള്‍ ആയവര്‍ എന്നിവരെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചു.
കോടതിയില്‍ തെറ്റായ സത്യവാങ് മൂലം നല്‍കിയ അനുരാഗ് ഠാക്കൂറനെതിരെ നടപടിയെടുക്കുമെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ അനുരാഗ് ഠാക്കൂര്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും സുപ്രീം കോടതി മുമ്പ് പറഞ്ഞിരുന്നു.
ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ബിജെപി എംപിയാണ് അനുരാഗ് ഠാക്കൂര്‍.