ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നിനെ വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമിലുള്‍പ്പെടുത്തില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കീറണ്‍ പൊള്ളാര്‍ഡ്.

ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ബാറ്റുകൊണ്ടും പന്തുകൊണ്ടും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെയ്ക്കുന്ന നരെയ്‌നിനെ ടീമിലെടുക്കണമെന്ന് ആരാധകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടതിന്റെ സാഹചര്യത്തിലാണ് വിശദീകരണവുമായി വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 ക്രിക്കറ്റ് ക്യാപ്റ്റന്‍ പൊള്ളാര്‍ഡ് രംഗത്തെത്തിയത്. 

' കൊല്‍ക്കത്തയ്ക്ക് വേണ്ടി നരെയ്ന്‍ മികച്ച പ്രകടനം നടത്തി എന്നത് ശരിതന്നെ. പക്ഷേ കഴിഞ്ഞ കുറേ മാസങ്ങളായി താരം ഫോമില്‍ കളിക്കുന്നില്ല. ശാരീരിക ക്ഷമതയുമില്ല. ലോകകപ്പിനുള്ള ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ നരെയ്ന്‍ ശാരീരിക ക്ഷമത തെളിയിക്കുന്ന പരീക്ഷയില്‍ പരാജയപ്പെട്ടു. എന്റെ ഏറ്റവുമടുത്ത സുഹൃത്താണ് നരെയ്ന്‍. അദ്ദേഹം ഒരു ലോകോത്തര താരമാണ്. പക്ഷേ ലോകകപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ കളിക്കുമ്പോള്‍ ശാരീരിക ക്ഷമത അത്യന്താപേക്ഷിതമാണ്.' - പൊള്ളാര്‍ഡ് പറഞ്ഞു. 

ബൗളിങ് ആക്ഷനിലെ ന്യൂനതകള്‍ കാരണം 2019 ഓഗസ്റ്റിനുശേഷം നരെയ്ന്‍ വിന്‍ഡീസ് ടീമില്‍ ഇടം നേടിയിട്ടില്ല. പിന്നീട് ബൗളിങ് ആക്ഷനില്‍ കാര്യമായ മാറ്റം കൊണ്ടുവന്നെങ്കിലും ഫോം വീണ്ടെടുക്കാനും ശാരീരിക ക്ഷമത തെളിയിക്കാനും താരത്തിന് കഴിഞ്ഞില്ല. 

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ഐ.പി.എല്‍ എലിമിനേറ്ററില്‍ നരെയ്‌നിന്റെ ഓള്‍റൗണ്ട് മികവിലാണ് കൊല്‍ക്കത്ത വിജയം നേടിയത്. മത്സരത്തില്‍ നാലുവിക്കറ്റും 26 റണ്‍സുമാണ് താരം അടിച്ചെടുത്തത്. 

Content Highlights: Sunil Narine will not be added to West Indies squad for T20 World Cup, says skipper Kieron Pollard