ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. പന്ത് അല്‍പ്പമെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്ന് ഗാവസ്‌കര്‍ പറഞ്ഞു. 

രണ്ടാം ഇന്നിങ്‌സില്‍ വെറും മൂന്ന് പന്ത് മാത്രം നേരിട്ട് റണ്‍സെടുക്കാതെ അനാവശ്യമായി ഔട്ടായ ഋഷഭിന്റെ പ്രകടനമാണ് ഗാവസ്‌കറെ ചൊടിപ്പിച്ചത്. നാല് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ തകര്‍ച്ചയെ നേരിടുമ്പോഴാണ് പന്ത് അനാവശ്യമായി വിക്കറ്റ് കളഞ്ഞത്. റബാദയുടെ പന്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച പന്തിന്റെ ബാറ്റിലുരസി ബോള്‍ വെറെയ്‌നിന്റെ കൈയ്യിലെത്തി. 

' ഋഷഭ് പന്ത് അല്‍പ്പമെങ്കിലും ഉത്തരവാദിത്തം കാണിക്കണം. ആ ഷോട്ട് കളിച്ചതില്‍ ഒരു ന്യായീകരണവും ഇനി വിലപ്പോവില്ല. രഹാനെയും പൂജാരയും വളരെ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ ഇന്ത്യന്‍ ഇന്നിങ്‌സ് പന്ത് ഒറ്റ നിമിഷം കൊണ്ട് പൊളിച്ചു. പന്തിന്റെ ഇന്നത്തെ പ്രകടനം വളരെ മോശമായിരുന്നു'- ഗാവസ്‌കര്‍ പറഞ്ഞു. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഋഷഭ് പന്തിന് ഫോം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആദ്യ ടെസ്റ്റില്‍ 8, 34 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോര്‍. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പന്ത് 17 റണ്‍സ് മാത്രമാണ് നേടിയത്. 

Content Highlights: Sunil Gavaskar Slams Rishabh Pant and says has to be some Ssense of responsibility