വെല്ലിങ്ടണ്‍: ഇന്ത്യ- ന്യൂസീലന്‍ഡ് ട്വന്റി 20 പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമാകുകയാണ്. അതിനിടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌ക്കര്‍ ടീമിന്റെ ആദ്യ ഏഴ് ബാറ്റിങ് സ്ഥാനങ്ങള്‍ നിര്‍ദേശിച്ച് രംഗത്തെത്തി. 

ഋഷഭ് പന്തും ദിനേഷ് കാര്‍ത്തിക്കും ശുഭ്മാന്‍ ഗില്ലും ഉള്‍പ്പെട്ട ഗവാസ്‌ക്കറുടെ പട്ടികയില്‍ പക്ഷേ, എം.എസ് ധോനിക്ക് ഇടമില്ലെന്നുള്ളത് ശ്രദ്ധേയമായി. ഇന്ത്യയില്‍ ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി ധോനിക്ക് വിശ്രമം അനുവദിക്കണമെന്നാണ് ഗവാസ്‌ക്കറുടെ അഭിപ്രായം. 

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിങ്ങനെയാണ് ഗവാസ്‌ക്കര്‍ തിരഞ്ഞെടുത്ത ബാറ്റിങ് ഓര്‍ഡര്‍. പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കുമെന്നും അദ്ദേഹം പ്രവചിച്ചു. 

നേരത്തെ 2018-ലെ മോശം പ്രകടനങ്ങളുടെ പേരില്‍ ധോനിയുടെ ലോകകപ്പിലെ സ്ഥാനം പോലും സംശയത്തിലായിരുന്നു. 12 വര്‍ഷത്തെ കരിയറിലെ ധോനിയുടെ ഏറ്റവും മോശം പ്രകടനം പോയവര്‍ഷമായിരുന്നു. എന്നാല്‍ ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ ഫോം വീണ്ടെടുത്ത ധോനി, തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികള്‍ (51, 55, 87) നേടി പരമ്പരയിലെ താരമായിരുന്നു. പിന്നാലെ ന്യൂസീലന്‍ഡിലും ധോനി അതേ മികവ് ആവര്‍ത്തിച്ചു. കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി 242 റണ്‍സാണ് ധോനി അടിച്ചു കൂട്ടിയത്. 

Content Highlights: sunil gavaskar predicts msd less batting order