മുംബൈ: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ എം.എസ് ധോനി ഇടംപിടിക്കാന്‍ സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. ആഘോഷങ്ങളില്ലാതെ നിശബ്ദമായ ഒരു വിരമിക്കലാകും ധോനിയെ കാത്തിരിക്കുന്നതെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി. ഹിന്ദി വാര്‍ത്താ മാധ്യമമായ ദൈനിക് ജാഗരണിനോട് സംസാരിക്കുകയായിരുന്നു ഗാവസ്‌കര്‍.

'ധോനി ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉണ്ടാകണമെന്നതാണ് എന്റെ ആഗ്രഹം. എന്നാല്‍ അങ്ങനെ സംഭവിക്കാനുള്ള സാധ്യത വിരളമാണ്. നിലവിലെ സാഹചര്യത്തില്‍ നിശബ്ദനായിട്ടാകും ധോനി ക്രിക്കറ്റിനോട് യാത്ര പറയുക'. ഗാവസ്‌കര്‍ അഭിമുഖത്തില്‍ പറയുന്നു.

38-കാരനായ ധോനി 2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടില്ല. അന്ന് സെമി ഫൈനലില്‍ തോറ്റ് ഇന്ത്യ പുറത്തായിരുന്നു. ഐ.പി.എല്ലിലൂടെ കളിക്കളത്തില്‍ തിരിച്ചെത്തി ടീമില്‍ ഇടം നേടാനുള്ള തയ്യാറെടുപ്പിലായിരുന്നു ധോനി. ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ധോനിയെ ടീമിലേക്ക് പരിഗണിക്കുകയെന്ന് കോച്ച് രവി ശാസ്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മാറ്റിവെച്ചതോടെ ധോനിയുടെ തിരിച്ചുവരവ് ത്രിശങ്കുവിലായി. ഐ.പി.എല്‍ റദ്ദാക്കിയാല്‍ ഫോം തെളിയിക്കാനുള്ള അവസരം ധോനിക്ക് നഷ്ടമാകും. ഈ സാഹചര്യത്തിലാണ് ഗാവസ്‌കറുടെ പ്രതികരണം.

മാര്‍ച്ച് 29-നായിരുന്നു ഐ.പി.എല്‍ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ കൊറോണയെ തുടര്‍ന്ന് ഐ.പി.എല്‍ ഏപ്രില്‍ 15-ലേക്ക് മാറ്റിവെച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായ ധോനി ചെപ്പോക്കില്‍ പരിശീലനത്തിനെത്തിയിരുന്നു. ധോനിയുടെ പരിശീലനം കാണാന്‍ നിരവധി പേരാണ് സ്റ്റേഡിയത്തിലെത്തിയിരുന്നത്. എന്നാല്‍ കൊറോണയെ തുടര്‍ന്ന് ധോനി പരിശീലനം മതിയാക്കി റാഞ്ചിയിലേക്ക് മടങ്ങി.

Contnet Highlights: Sunil Gavaskar on MS Dhoni