Photo: ANI
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വിരാട് കോലി ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ നായകസ്ഥാനം ഒഴിയുകയാണ്. ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുശേഷം കോലി സ്ഥാനമൊഴിയുന്നതോടെ ഇന്ത്യന്‍ ടീം പുതിയ നായകനെ സ്വീകരിക്കും.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയായിരിക്കും ട്വന്റി 20 യില്‍ ഇന്ത്യയെ നയിക്കുക. 19 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള രോഹിത് മുംബൈ ഇന്ത്യന്‍സിന്റെ നായകനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
34 വയസ്സുള്ള രോഹിത് എത്രകാലം ഇന്ത്യയുടെ നായകനായി തുടരുമെന്ന കാര്യത്തില്‍ സംശയമുണ്ട്. അതുകൊണ്ട് ഇന്ത്യയുടെ ഭാവി നായകനുവേണ്ടിയുള്ള തിരച്ചില്‍ ഇപ്പോള്‍ തന്നെ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി.
ഇന്ത്യയുടെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ കെ.എല്‍.രാഹുലിനെയാണ് ഗവാസ്‌കര്‍ ഇന്ത്യയുടെ ഭാവി നായകനായി കാണുന്നത്. അതിനുമുന്‍പ് ഇന്ത്യന്‍ ടീമിന്റെ സഹനായകനായി രാഹുലിനെ തിരഞ്ഞെടുക്കണമെന്ന് ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.
' ഇന്ത്യയുടെ ഭാവി നായകനെക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. എന്റെ അഭിപ്രായത്തില്‍ രാഹുലാണ് അതിന് യോഗ്യന്‍. മികച്ച ക്രിക്കറ്റ് താരമാണ് അദ്ദേഹം. ഈയിടെ അവസാനിച്ച ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ രാഹുല്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഐ.പി.എല്ലിലും ഏകദിന ക്രിക്കറ്റിലും താരത്തിന് നല്ല റെക്കോഡുണ്ട്. രോഹിതിന് ശേഷം ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ നായകനാകാന്‍ രാഹുലിന് സാധിക്കും. അദ്ദേഹത്തെ ലോകകപ്പിനുശേഷം സഹനായകനായി തിരഞ്ഞെടുക്കണം' - ഗവാസ്‌കര്‍ പറഞ്ഞു.
29 കാരനായ രാഹുല്‍ 2014-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഇന്ത്യന്‍ കുപ്പായത്തില്‍ 40 ടെസ്റ്റുകളും 38 ഏകദിനങ്ങളും 48 ട്വന്റി 20 മത്സരങ്ങളും കളിച്ച രാഹുല്‍ ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ്.
Content Highlights: Sunil Gavaskar Names India Player Who Can Be Groomed As Future Captain
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..