ജോഹന്നാസ്ബര്‍ഗ്: ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ചേതേശ്വര്‍ പൂജാരയെയും അജിങ്ക്യ രഹാനെയെയും വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ മോശം പ്രകടനം പുറത്തെടുത്തതിനെത്തുടര്‍ന്നാണ് ഗവാസ്‌കര്‍ ഇരുതാരങ്ങള്‍ക്കുമെതിരേ രംഗത്തെത്തിയത്.

മത്സരത്തിന്റെ കമന്ററിയ്ക്കിടയിലാണ് ഗവാസ്‌കര്‍ അഭിപ്രായം തുറന്നുപറഞ്ഞത്. 'പൂജാരയ്ക്കും രഹാനെയ്ക്കും ടെസ്റ്റ് കരിയര്‍ രക്ഷിക്കാന്‍ ഇനി ഒരു ഇന്നിങ്‌സ് മാത്രമാണ് ബാക്കിയുള്ളത്. ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന രഹാനെയെയും പൂജാരയെയും ടീമിലെടുത്തതില്‍ പ്രതിഷേധം ശക്തമാണ്. അടുത്ത ഇന്നിങ്‌സില്‍ ഇരുവരും പരാജയപ്പെട്ടാല്‍ ടീമില്‍ നിന്ന് പുറത്താവാന്‍ സാധ്യതയുണ്ട്. അടുത്ത ഇന്നിങ്‌സില്‍ ഇരുവരും ഫോം കണ്ടെത്തിയേ മതിയാകൂ', ഗവാസ്‌കര്‍ പറഞ്ഞു. 

രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി പൂജാര വെറും മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. പന്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ ഗുരുതരമായ പിഴവ് വരുത്തിയ പൂജാര 33 പന്തുകള്‍ നേരിട്ട് നേടിയത് വെറും മൂന്ന് റണ്‍സ്. ഒലിവിയറിന് വിക്കറ്റ് സമ്മാനിച്ച് താരം മടങ്ങി. 

പിന്നാലെ ക്രീസിലെത്തിയ രഹാനെ ഗോള്‍ഡന്‍ ഡക്കാകുകയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ അനാവശ്യ ഷോട്ടിന് ശ്രമിച്ച രഹാനെ ഒലിവിയറിന് വിക്കറ്റ് നല്‍കി ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചുനടന്നു. വിരാട് കോലിയില്ലാത്ത മത്സരത്തില്‍ മധ്യനിരയില്‍ ഇരുവരും ശ്രദ്ധയോടെ കളിക്കുന്നതിനുപകരം അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞു. 

അര്‍ധസെഞ്ചുറി നേടിയ രാഹുലിന്റെ മികവിലാണ് ഇന്ത്യ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. 2019 മുതല്‍ പൂജാര ടെസ്റ്റില്‍ മൂന്നക്കം കണ്ടിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി രഹാനെയും വളരെ മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്. 

Content Highlights: Sunil Gavaskar Makes Big Statement After Another Cheteshwar Pujara-Ajinkya Rahane Flop Show