ന്യൂഡല്‍ഹി: വെങ്കടേഷ് അയ്യരെ മികച്ചൊരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായി വളര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യന്‍ ടീമിന് അവസരമുണ്ടെന്ന് മുന്‍താരം സുനില്‍ ഗാവസ്‌ക്കര്‍.

ട്വന്റി 20-യില്‍ അയ്യരെ ആറ്, ഏഴ് സ്ഥാനങ്ങളില്‍ കളിപ്പിക്കാമെന്നും മീഡിയം പേസ് എറിയാനുള്ള അദ്ദേഹത്തിന്റെ കഴിവ് ടീമിന് പ്രയോജനപ്പെടുത്താമെന്നും ഗാവസ്‌ക്കര്‍ ചൂണ്ടിക്കാട്ടി. ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് ഗാവസ്‌ക്കര്‍ ഇക്കാര്യം പറഞ്ഞത്.

ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ വെങ്കടേഷ് അയ്യര്‍ക്ക് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് ആദ്യമായി വിളിയെത്തിയിരുന്നു. ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലാണ് അയ്യര്‍ക്ക് ഇടംലഭിച്ചത്. 

യുഎഇയില്‍ നടന്ന ഐപിഎല്‍ രണ്ടാം പാദത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനമാണ് അയ്യര്‍ പുറത്തെടുത്തത്. 10 മത്സരങ്ങള്‍ കളിച്ച താരം നാല് അര്‍ധ സെഞ്ചുറികളടക്കം 370 റണ്‍സാണ് അടിച്ചുകൂട്ടിയത്. കൊല്‍ക്കത്തയെ ഫൈനലിലെത്തിക്കുന്നതില്‍ താരത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി ഇന്ത്യ ഓള്‍റൗണ്ടര്‍ സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയെന്ന ഒറ്റ ഓപ്ഷനില്‍ നില്‍ക്കുകയാണെന്നും വിജയ് ശങ്കര്‍, ശിവം ദുബെ എന്നിവര്‍ക്ക് കാര്യമായ അവസരങ്ങള്‍ നല്‍കിയില്ലെന്നും ഗാവസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.

2016-2021 ട്വന്റി 20 ലോകകപ്പുകള്‍ക്കിടയ്ക്ക് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് 54 മത്സരങ്ങള്‍ ലഭിച്ചപ്പോള്‍ ഇക്കാലയളവില്‍ വിജയ് ശങ്കറിന് ഒമ്പതും ശിവം ദുബെയ്ക്ക് 13ഉം മത്സരങ്ങള്‍ മാത്രമാണ് ലഭിച്ചത്. ഈ രണ്ടുപേരെക്കാളും വെങ്കടേഷ് അയ്യര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഗാവസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: sunil gavaskar hope that venkatesh iyer gets more opportunities than vijay shankar and shivam dube