സെഞ്ചൂറിയന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍ഔട്ടാകുക എന്നത് പതിവില്ലാത്ത കാര്യമാണ്. അത്രയ്ക്ക് അശ്രദ്ധയുണ്ടെങ്കിലേ ബാറ്റ്‌സ്മാന്‍മാര്‍ പലപ്പോഴും റണ്‍ഔട്ടാകുകയുള്ളു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ അത്തരമൊരു അശ്രദ്ധ ഹാര്‍ദിക് പാണ്ഡ്യ കാണിച്ചു. കോലിക്കൊപ്പം മികച്ചൊരു കൂട്ടുകെട്ടിലേക്ക് പോകവെ മണ്ടത്തരം കാണിച്ച് പാണ്ഡ്യ റണ്‍ഔട്ടാകുകയായിരുന്നു. 

കോലി സെഞ്ചുറി നേടിയതിന് പിന്നാലെ അടുത്ത ഓവറിലാണ് പാണ്ഡ്യ റണ്‍ഔട്ടായത്. 67-ാം ഓവറില്‍ റബാദയുടെ ആദ്യ പന്ത് നേരിട്ടത് പാണ്ഡ്യയായിരുന്നു. സിംഗിളെടുക്കാന്‍ പാണ്ഡ്യ ഓടിയപ്പോള്‍ കോലി വിലക്കി. തുടര്‍ന്ന് പാണ്ഡ്യ തിരിച്ച് ക്രീസിലെത്തി. അതിനിടയില്‍ ഫിലാന്‍ഡര്‍ എറിഞ്ഞ പന്ത് സ്റ്റമ്പ് ഇളക്കിയിരുന്നു. ആ സമയത്ത് പാണ്ഡ്യ ക്രീസിലെത്തിയെങ്കിലും ബാറ്റോ കാലോ ക്രീസ് തൊട്ടിട്ടില്ലായിരുന്നു. 

ഇതു ശ്രദ്ധിക്കാതെ ഫിലാന്‍ഡര്‍ എറിഞ്ഞ പന്ത് ദൂരേക്ക് പോയപ്പോള്‍ പാണ്ഡ്യ അടുത്ത റണ്‍സിനായി ഓടുകയും ചെയ്തു. അപ്പോഴേക്കും ദക്ഷിണാഫ്രിക്ക ഔട്ടിനായി അപ്പീല്‍ ചെയ്തു. റീപ്ലേയില്‍ പാണ്ഡ്യ ഔട്ടാണെന്ന് വ്യക്തമായി. 

പാണ്ഡ്യ പുറത്തായ രീതി കണ്ട് കമന്ററി ബോക്‌സിലുണ്ടായിരുന്ന സുനില്‍ ഗവാസ്‌കര്‍ക്ക് സഹിച്ചില്ല. ഇന്ത്യന്‍ ഓള്‍റൗണ്ടറുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നായിരുന്നു ഗവാസ്‌കറുടെ പ്രതികരണം. ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സും ഇത്തരത്തില്‍ മണ്ടത്തരം കാണിച്ചിട്ടുണ്ട്.