പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ യുവതാരം ശ്രേയസ് അയ്യര്‍ക്ക് പിന്തുണയുമായി മുന്‍ താരം സുനില്‍ ഗാവസ്‌ക്കര്‍.

മത്സരത്തില്‍ 68 പന്തില്‍ നിന്ന് 71 റണ്‍സെടുത്ത അയ്യര്‍ നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 125 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. എട്ട് ഏകദിനങ്ങളില്‍ നിന്ന് അയ്യരുടെ മൂന്നാം അര്‍ധ സെഞ്ചുറിയാണിത്.

ഈ പ്രകടനത്തിനു പിന്നാലെ നാലാം നമ്പര്‍ ബാറ്റിങ് സ്ഥാനത്ത് ഇന്ത്യ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അയ്യര്‍ക്കാകുമെന്ന് ഗാവസ്‌ക്കര്‍ പറഞ്ഞു. ഋഷഭ് പന്തിനേക്കാളും നാലാം നമ്പറില്‍ ഏറ്റവും യോജിച്ചയാള്‍ അയ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ധോനിയെ പോലെ അഞ്ചാമതോ ആറാമതായോ ഫിനിഷര്‍ റോളില്‍ കളിപ്പിക്കാവുന്ന താരമാണ് ഋഷഭ് പന്ത്. അദ്ദേഹത്തിന്റെ സ്വാഭാവികമായ കളിയും ആ സ്ഥാനത്തിനു യോജിച്ചതാണ്. മികച്ച തുടക്കം ലഭിച്ച് ഇന്ത്യ രോഹിത്, ധവാന്‍, കോലി എന്നിവരുടെ മികവില്‍ 40-45 ഓവറുകള്‍ പിന്നിട്ടാല്‍ പന്തിനെ വേണമെങ്കില്‍ നാലാമത് ഇറക്കാം. എന്നാല്‍ 30-35 ഓവറുകള്‍ക്കുള്ളില്‍ തുടരെ വിക്കറ്റ് നഷ്ടമായാല്‍ നാലാം നമ്പറില്‍ ഇറക്കാന്‍ യോജിച്ച താരം ശ്രേയസ് അയ്യരാണ്'', ഗാവസ്‌ക്കര്‍ പറഞ്ഞു.

മത്സരത്തില്‍ 68 പന്തില്‍ നിന്ന് 71 റണ്‍സെടുത്ത അയ്യര്‍ നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 125 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി.

Content Highlights: Sunil Gavaskar Backs Shreyas Iyer