സെഞ്ചൂറിയന്‍: ക്യാപ്റ്റന്‍ കൂളെന്നും ബെസ്റ്റ് ഫിനിഷറെന്നും വിളിപ്പേരുള്ള എം.എസ് ധോനി ഒരു തമാശക്കാരന്‍ കൂടിയാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിനിടയില്‍ ധോനിയുടെ തമാശയാണ് ഇപ്പോള്‍ ആരാധകരില്‍ ചിരി പടര്‍ത്തുന്നത്. സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത ഈ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ പലരും പങ്കുവെച്ചിട്ടുണ്ട്.

ക്യാപ്റ്റന്‍ വിരാട് കോലിയെ ചീക്കു എന്നു വിളിച്ച് അഭിനന്ദിക്കുകയും ഹാര്‍ദിക് പാണ്ഡ്യക്കും കുല്‍ദീപ് യാദവിനും നിര്‍ദേശം നല്‍കുന്നതും സ്റ്റമ്പ് മൈക്കില്‍ കേള്‍ക്കാം. എന്നാല്‍ തമാശ അതല്ല. കുല്‍ദീപിന്റെ പന്ത് മനസ്സിലാകാതെ അന്തംവിട്ടു നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയുടെ ബാറ്റ്‌സ്മാന്‍ ആന്‍ഡില്‍ ഫെഹ്ലുക്വായെ ധോനി കളിയാക്കുന്നതാണ്. തമാശരൂപേണെയാണ് ധോനിയുടെ കളിയാക്കല്‍. ഇയാള്‍ പന്ത് തിരിച്ചറിയുമ്പോഴേക്ക് ആ ഓവര്‍ കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് ധോനി ഹിന്ദിയില്‍ കുല്‍ദീപിനോട് പറയുന്നത്.

നേരത്തെ ന്യൂസിലന്‍ഡിനെതിരായ ഏകദിന മത്സരത്തിനിടയിലും ധോനിയുടെ സംഭാഷണം പുറത്തുവന്നിരുന്നു. കേദര്‍ ജാദവ് പന്തെറിയുന്ന സമയത്ത് കോലിക്ക് ഫീല്‍ഡര്‍മാരെ നിര്‍ത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു ധോനി. അതുപോലെ കേദര്‍ ജാദവിന്റെ ബൗളിങ്ങിനെയും ധോനി അഭിനന്ദിക്കുന്നുണ്ട്. മികച്ച ബൗളിങ് കേദൂ, ടോം ലാതത്തിനെതിരെ ഇത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചേക്കും. ധോനി പറയുന്നു.

Content highlights: Stump mic reveals MS Dhoni funny sense of humour