മാഞ്ചസ്റ്റർ: വെസ്റ്റിൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ശ്രദ്ധേയമായത് ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിന്റെ വെടിക്കെട്ട് ഇന്നിങ്സ് കാരണമാണ്.

വിൻഡീസ് ബൗളർമാരെ കടന്നാക്രമിച്ച ബ്രോഡ് 33 പന്തിൽ നിന്ന് അർധ സെഞ്ചുറി തികച്ചു. 45 പന്തിൽ നിന്ന് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 62 റൺസെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്സിൽ 369 റൺസെടുക്കാൻ ഇംഗ്ലണ്ടിനെ സഹായിച്ചതും ബ്രോഡിന്റെ ഇന്നിങ്സ് തന്നെ.

ബ്രോഡിന്റെ ഈ വെടിക്കെട്ട് ഇന്നിങ്സിനു പിന്നിൽ ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന് ചെറുതല്ലാത്ത ഒരു പങ്കുണ്ട്. രണ്ടാം ദിവസത്തെ മത്സരത്തിനു ശേഷം ബ്രോഡ് തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.

വോൺ ഫാസ്റ്റ് ബൗളർമാരെ നേരിടുമ്പോഴുള്ള ക്രീസിലെ നിൽപ്പ് അനുകരിച്ചാണ് ബ്രോഡ് കഴിഞ്ഞ ദിവസം വിൻഡീസിനെതിരേ ബാറ്റ് ചെയ്തത്.

മുൻ ഇംഗ്ലണ്ട് കോച്ചും നോട്ടിങ്ഹാംഷെയറിൽ ബ്രോഡിന്റെ മെന്ററുമായ പീറ്റർ മൂറെസാണ് ഈ ടെക്നിക് പരീക്ഷിക്കാൻ താരത്തോട് നിർദേശിച്ചത്. എൽ.ബി.ഡബ്യുവിൽ കുടുങ്ങുന്നത് ഒഴിവാക്കാൻ ലെഗ് സൈഡിലേക്ക് ഇറങ്ങിയാണ് ബ്രോഡ് ഗാർഡ് എടുത്തത്. ഇതോടെ വിക്കറ്റിലേക്ക് വരുന്ന പന്തുകൾ നേരെ തന്നെ ബൗണ്ടറിയിലേക്ക് പറത്താൻ ബ്രോഡിനായി.

2005 ആഷസിലടക്കം വോൺ ഇംഗ്ലീഷ് ബൗളർമാരെ നേരിട്ടിരുന്നത് ഇത്തരത്തിലായിരുന്നുവെന്നും ബ്രോഡ് ചൂണ്ടിക്കാട്ടി.

ടെസ്റ്റിൽ ഒരു ഇംഗ്ലണ്ട് താരത്തിന്റെ മൂന്നാമത്തെ വേഗമേറിയ അർധ സെഞ്ചുറിയെന്ന റെക്കോഡും ബ്രോഡ് കഴിഞ്ഞ ദിവസം സ്വന്തമാക്കി. മുൻ താരമായിരുന്ന ഇയാൻ ബോതം ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 28 പന്തിൽ നിന്നും 31 പന്തിൽ നിന്നും അർധ സെഞ്ചുറി നേടിയിട്ടുണ്ട്. 33 പന്തിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ മുൻ താരങ്ങളായ അലൻ ലാമ്പിന്റെയും ആൻഡ്രു ഫ്ളിന്റോഫിന്റെയും റെക്കോഡിനൊപ്പമെത്താൻ ബ്രോഡിനായി.

ഒന്നാം ഇന്നിങ്സിൽ വിൻഡീസിന്റെ രണ്ടു വിക്കറ്റുകളും വീഴ്ത്തി ബ്രോഡ് തിളങ്ങി. ആറു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെന്ന നിലയിലാണ് വിൻഡീസ് രണ്ടാം ദിവസത്തെ മത്സരം അവസാനിപ്പിച്ചത്.

Content Highlights: Stuart Broad reveals the Shane Warne technique behind his 33-ball 50