സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര നേട്ടവുമായി ഇംഗ്ലീഷ് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. 

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയുടെ വിക്കറ്റ് വീഴ്ത്തിയതോടെ ഈ ദശാബ്ദത്തില്‍ 400 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടമാണ് ബ്രോഡിനെ തേടിയെത്തിയത്. 428 വിക്കറ്റുകളുമായി ബ്രോഡിന്റെ സഹതാരം തന്നെയായ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഈ നേട്ടം പിന്നിട്ട ആദ്യ താരം.

ഓസീസ് താരം നഥാന്‍ ലയണ്‍ (376), ശ്രീലങ്കയുടെ രങ്കണ ഹെരാത്ത് (363), ഇന്ത്യയുടെ ആര്‍. അശ്വിന്‍ (362) എന്നിവരാണ് ഈ പട്ടികയില്‍ ഇരുവര്‍ക്കും പിന്നിലുള്ള താരങ്ങള്‍.

Stuart Broad becomes second bowler to scalp 400 test wickets in this decade
ജെയിംസ് ആന്‍ഡേഴ്‌സന്‍ | Photo Courtesy: Getty Images

നേരത്തെ ഡീന്‍ എല്‍ഗാറിനെ പുറത്താക്കിയ ജെയിംസ് ആന്‍ഡേഴ്‌സന്‍ ടെസ്റ്റില്‍ ഈ ദശാബ്ദത്തില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ബൗളറെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. തന്റെ 150-ാം ടെസ്റ്റിലായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ ഈ നേട്ടം. അലെസ്റ്റര്‍ കുക്കിനു ശേഷം 150 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ഇംഗ്ലീഷ്  താരമെന്ന നേട്ടവും ആന്‍ഡേഴ്‌സന്‍ സ്വന്തമാക്കി.

ലങ്കയുടെ സുരംഗ ലക്മല്‍, ഓസീസ് താരം മിച്ചെല്‍ സ്റ്റാര്‍ക്ക്, ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവരാണ് ഈ ദശാബ്ദത്തില്‍ ടെസ്റ്റില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ മറ്റു താരങ്ങള്‍. ഇതില്‍ ലക്മല്‍ രണ്ടു തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഈ ദശാബ്ദത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 564 വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയത്. 535 വിക്കറ്റുകളുമായി ജെയിംസ് ആന്‍ഡേഴ്‌സണും 525 വിക്കറ്റുകളുമായി സ്റ്റുവര്‍ട്ട് ബ്രോഡും ഇക്കാര്യത്തില്‍ അശ്വിന് പിന്നിലാണ്.

Content Highlights: Stuart Broad becomes second bowler to scalp 400 test wickets in this decade