ലണ്ടന്‍: കോവിഡ്-19 പ്രതിസന്ധിക്കു ശേഷം ക്രിക്കറ്റ് മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ നല്‍കി ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍.

ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇ.സി.ബി) നിര്‍ദേശമനുസരിച്ച് താരങ്ങള്‍ പരിശീലനം പുനരാരംഭിച്ചു. ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും ക്രിസ് വോക്സുമാണ് ആദ്യം പരിശീലനത്തിലിറങ്ങിയത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായി പരിശീലനത്തിനിറങ്ങുന്ന താരങ്ങളാണ് ഇരുവരും.

വ്യക്തിഗത പരിശീലനത്തിന് മാത്രമാണ് ഇപ്പോള്‍ അനുമതിയുള്ളത്. ബ്രോഡ് നോട്ടിങ്ങാമിലെ ട്രെന്‍ഡ് ബ്രിഡ്ജിലും വോക്‌സ് എഡ്ജ്ബാസ്റ്റണിലെ ബര്‍മിങ്ങാമിലുമാണ് വ്യക്തിഗത പരിശീലനത്തില്‍ ഏര്‍പ്പെട്ടത്.

രാജ്യത്തെ ഏഴു വ്യത്യസ്ത ഗ്രൗണ്ടുകളിലായി വ്യക്തിഗത പരിശീലനം നടത്താന്‍ ഇ.സി.ബി 18 പേസര്‍മാരുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

വിക്കറ്റ് കീപ്പറോ ബാറ്റ്സ്മാനോ ഇല്ലാതെയായിരുന്നു ബ്രോഡിന്റെ പരിശീലനം. കോവിഡ് ഭീഷണി കണക്കിലെടുത്ത് ഓരോ ബൗളര്‍മാര്‍ക്കും പ്രത്യേകം പന്തുകളാണ് ഇ.സി.ബി നല്‍കുന്നത്. ഒരു ഫിസിയോ തെറാപ്പിസ്റ്റ് മാത്രമാണ് ബ്രോഡിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒപ്പമുണ്ടായിരുന്നത്.

Content Highlights: Stuart Broad and Chris Woakes became the first cricketers to return to training