ചെന്നൈ: ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിക്കണമെന്ന ആഗ്രഹം തനിക്ക് ഇപ്പോഴുമുണ്ടെന്ന വെളിപ്പെടുത്തലുമായി ടെസ്റ്റിലെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര.

ഏകദിന ടീമില്‍ കളിക്കാന്‍ തനിക്ക് താത്പര്യമുണ്ടോ എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്ന് പൂജാര പറഞ്ഞു. സ്‌പോര്‍ട്‌സ് ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ബോറിയ മജുംദാറിനോട് സംസാരിക്കുകയായിരുന്നു പൂജാര.

നിലവില്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് പൂജാര കളിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുമ്പ് താരത്തില്‍ കാര്യമായ മാച്ച് പ്രാക്ടീസ് ലഭിച്ചിരുന്നില്ല. 

''ടീം ഇന്ത്യയ്ക്കായി വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കണമെന്ന ആഗ്രഹം ഇപ്പോഴും എനിക്കുണ്ട്, അതില്‍ യാതൊരു സംശയവുമില്ല. അതേ സമയം മറ്റ് കളിക്കാര്‍ക്ക് മാച്ച് പ്രാക്ടീസ് ലഭിക്കുമ്പോള്‍ തന്നെ എനിക്കത് കിട്ടാതെ പോകുന്നത് ബുദ്ധിമുട്ടാണ്ടാക്കുന്നുണ്ട്. ലോക്ക്ഡൗണിന് ശേഷം ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുമ്പ് എനിക്ക് മാച്ച് പ്രാക്ടീസ് ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ആ വലിയ പരമ്പരയ്ക്കായി തയ്യാറെടുക്കാന്‍ ബുദ്ധിമുട്ടി. കോവിഡ് ഇല്ലായിരുന്നുവെങ്കില്‍ കുറച്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളെങ്കിലും എനിക്ക് കളിക്കാന്‍ ഉണ്ടാകുമായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഒരു പരിശീലന മത്സരം മാത്രമാണ് ഞാന്‍ കളിച്ചത്. അതിനാല്‍ തന്നെ ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയ്ക്ക് താളം കണ്ടെത്താനും മനസ് ഏകാഗ്രമാക്കാനും ഏറെ ബുദ്ധിമുട്ടി.''  - പൂജാര പറഞ്ഞു.

അതേസമയം കഴിഞ്ഞ പരമ്പരയിലെ തന്റെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിച്ച് കൃത്യമായ ഗൃഹപാഠം ചെയ്താണ് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ ഇത്തവണ പന്തെറിഞ്ഞതെന്നും പൂജാര ചൂണ്ടിക്കാട്ടി. അവരുടെ ഗെയിം പ്ലാന്‍ തകര്‍ക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റിന് ശേഷം താന്‍ താളം കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: still have aspirations to play white-ball says Cheteshwar Pujara