സിഡ്‌നി: തന്നെ സ്വാര്‍ഥനെന്ന് വിശേഷിപ്പിച്ച ഷെയ്ന്‍ വോണിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ. അദ്ദേഹത്തിന്റെ തന്നെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് ആ വാക്കുകളില്‍ കാണുന്നതെന്ന് വോ തിരിച്ചടിച്ചു.

ഒപ്പം കളിച്ചവരില്‍ വെച്ച് ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്ററെന്നാണ് വോണ്‍, സ്റ്റീവ് വോയെ വിശേഷിപ്പിച്ചത്. വോ ഉള്‍പ്പെട്ട 104 റണ്ണൗട്ടുകളുടെ ഒരു വീഡിയോക്ക് പ്രതികരണമറിയിക്കവെയാണ് വോണ്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. നേരത്തെ 2018-ല്‍ പുറത്തിറങ്ങിയ 'നോ സ്പിന്‍' എന്ന തന്റെ ആത്മകഥയിലും സ്റ്റീവ് വോയെ കുറിച്ച് ഇതേ കാര്യം വോണ്‍ പറഞ്ഞിരുന്നു.

''ആളുകള്‍ ഇത് വൈരാഗ്യമാണെന്നാണ് പറയുന്നത്. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വൈരാഗ്യം. എന്നാല്‍ ഞാനൊരിക്കലും അതിന്റെ ഭാഗമായിട്ടില്ല. അതിനാല്‍ അത് ഒരാളുടേത് മാത്രമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ അദ്ദേഹത്തെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. അതിലെനിക്ക് ഒന്നും ചെയ്യാനില്ല. അത്ര മാത്രം'', വോ ഒരു ഓസ്‌ട്രേലിയന്‍ മാധ്യമത്തോടു പറഞ്ഞു.

കളിച്ചിരുന്ന കാലത്ത് അത്ര രസത്തിലായിരുന്നില്ല വോയും വോണും. 1999-ല്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്ന് വോ മാറ്റിനിര്‍ത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുന്നത്. കരിയറില്‍ ഈ ഒരു തവണ മാത്രമാണ് വോണ്‍ ഇത്തരത്തില്‍ മാറ്റിനിര്‍ത്തപ്പെടുന്നത്. വോണിന് പിന്തുണയുമായി മുന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ തന്നെ രംഗത്തെത്തിയിരുന്നെങ്കിലും വോ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

''ഞാന്‍ വീണ്ടും പറയുന്നു, വോയെ ഞാന്‍ വെറുക്കുന്നില്ല. അടുത്തിടെ ഞാന്‍ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഓസ്ട്രേലിയന്‍ ടീമില്‍ വോയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഞാന്‍ ഒപ്പം കളിച്ചവരില്‍ വെച്ച് ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്ററെന്നാണ് വോ'', എന്നായിരുന്നു വോണിന്റെ വാക്കുകള്‍.

Content Highlights: Steve Waugh hits back after Shane Warne’s most selfish cricketer comment