സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനമായ തിങ്കളാഴ്ച മൈതാനത്ത് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന് നിരക്കാത്ത തരത്തില്‍ പെരുമാറിയ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെതിരേ വിമര്‍ശനമുയരുന്നു. 

അഞ്ചാം ദിനം ആദ്യ സെഷനിലെ ഡ്രിങ്ക്സ് ബ്രേക്കിനിടെ സ്മിത്ത് മനഃപൂര്‍വ്വം ബാറ്റിങ് ക്രീസില്‍ ബാറ്റ്‌സ്മാന്റെ ഗാര്‍ഡ് അടയാളം മായ്ച്ച് കളയുകയായിരുന്നു. സ്റ്റമ്പ് ക്യാമറയില്‍ ഈ ദൃശ്യം പതിഞ്ഞിരുന്നു. ഗാര്‍ഡ് മായ്ക്കുന്നയാളുടെ മുഖം ദൃശ്യത്തില്‍ കാണുന്നില്ലെങ്കിലും ജേഴ്‌സി നമ്പര്‍ വെച്ച് ആരാധകര്‍ അത് ആരാണെന്ന് തിരിച്ചറിയുകയായിരുന്നു.

ഇന്ത്യയ്ക്കായി ചേതേശ്വര്‍ പൂജാരയും ഋഷഭ് പന്തും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സ്മിത്തിന്റെ മോശം പ്രവൃത്തി. 

ഇതോടെ തുടര്‍ന്ന് ബാറ്റ് ചെയ്യാനെത്തിയ ഋഷഭ് പന്തിന് ഗാര്‍ഡ് വീണ്ടും അടയാളപ്പെടുത്തേണ്ടതായി വന്നു. 

സ്മിത്തിന്റെ ഈ പ്രവൃത്തിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകര്‍ രംഗത്തുവന്നു കഴിഞ്ഞു. 2018-ലെ കേപ്ടൗണ്‍ ടെസ്റ്റിനിടയിലെ പന്ത് ചുരണ്ടല്‍ വിവാദത്തോടാണ് പലരും ഈ സംഭവത്തെ താരതമ്യം ചെയ്യുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ രണ്ടു വര്‍ഷത്തെ വിലക്ക് ലഭിച്ച താരമാണ് സ്മിത്ത്.

Content Highlights: Steve Smith was caught on the stump camera scuffing up the batsman guard