റാഞ്ചി: ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമായുണ്ടായ വാക്കു തര്‍ക്കത്തില്‍ പശ്ചാത്താപമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. റാഞ്ചിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന് ഒരുങ്ങവെയാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്.

ഡി.ആര്‍.എസ്സിനായി സ്മിത്ത് ഡ്രസ്സിങ് റൂമിന്റെ സഹായം തേടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. രണ്ടാം ടെസ്റ്റിനിടെ ഓസീസ് ടീം പലപ്പോഴും ഇത്തരത്തില്‍ നിയമലംഘനം നടത്തിയിട്ടുണ്ടെന്നും സ്മിത്ത് ചെയ്തത് ചതിയാണെന്നും കോലി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കോലിയുടെ ആരോപണം അപമര്യാദയുണ്ടാക്കുന്നതാണെന്നും ഓസീസ് ടീം ഒരിക്കലും അത്തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയയും രംഗത്തെത്തി. ഇതോടെ ഇരുടീമുകളും തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമാകുകയായിരുന്നു.

തുടര്‍ന്ന് ഐ.സി.സി ഇടപെട്ടതോടെയാണ് പ്രശ്‌നം രമ്യതയിലെത്തിച്ചത്. സ്മിത്തും കോലിയും ഐ.സി.സിയുടെ വിലക്കില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. റാഞ്ചിയില്‍ വ്യാഴാഴ്ച്ച തുടങ്ങുന്ന മൂന്നാം ടെസ്റ്റിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ശ്രദ്ധയെന്ന് വിരാട് കോലി വ്യക്തമാക്കി. അതേ സമയം സ്മിത്തിനെതിരായ ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും കോലി വെളിപ്പെടുത്തി.

''ഞാന്‍ എന്താണോ പറഞ്ഞത് അതില്‍ എനിക്കൊരു കുറ്റബോധവുമില്ല. ഇരുടീമുകളും രമ്യതയിലെത്തിയത് ശരിയായ തീരുമാനം കൈകൊണ്ടാണ്. ഇങ്ങനെ പരസ്പരം തര്‍ക്കിക്കുന്നത് ക്രിക്കറ്റിനെ മാത്രമാണ് ബാധിക്കുക. അത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് യോജിച്ചതല്ല. ഇനിയും രണ്ട് ടെസ്റ്റ് ബാക്കിയുണ്ട്.'' കോലി പറഞ്ഞു.