സിഡ്‌നി: ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് വീണ്ടും വിവാദത്തില്‍. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ഏകദിനത്തിനിടെ സ്മിത്ത് പന്തില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് ആരോപണം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

മൂന്നാം ഏകദിനത്തിന്റെ 34-ാം ഓവറിനിടെ ലിപ് ബാം എടുത്ത് സ്മിത്ത് പന്തില്‍ തേക്കുകയായിരുന്നു. പന്തിനെ മിനുക്കാനാണ് സ്മിത്ത് ഇത്തരത്തില്‍ ചെയ്തതെന്നാണ് ആരോപണം. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി സ്മിത്ത് തന്നെ രംഗത്തെത്തി.

ലിപ് ബാം ഉപയോഗിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന താന്‍ ലിപ് ബാം ഉപയോഗിച്ചിട്ടില്ലെന്നും തന്റെ ചുണ്ടുകള്‍ വരണ്ടിരിക്കുന്നത് കണ്ടാല്‍ അതു മനസ്സിലാകുമെന്നും സ്മിത്ത് വ്യക്തമാക്കി. ഉമിനീരെടുത്താണ് പന്തില്‍ തേച്ചതെന്നും സ്മിത്ത് മറുപടി നല്‍കി. 

2016ല്‍ സമാനമായ രീതിയില്‍ ഫാഫ് ഡുപ്ലെസിസും വിവാദത്തില്‍ കുടുങ്ങിയിരുന്നു. അന്ന് ച്യൂയിങ് ഗം ചവക്കുന്നതിനിടെ തുപ്പലെടുത്ത് പന്തില്‍ തേച്ചാണ് ഡുപ്ലെസിസ് വാര്‍ത്തകളില്‍ നിറഞ്ഞത്.  

Content Highlights: Steve Smith Rejects Ball Tampering Controversy