പെര്‍ത്ത്: ആഷസ് ടെസ്റ്റില്‍ ബാറ്റിങ് വിരുന്നൊരുക്കിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഇരട്ടസെഞ്ചുറിക്കൊപ്പം മറികടന്നത് ഒരുപിടി റെക്കോഡുകള്‍. സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടന്ന സ്മിത്ത് അലന്‍ ബോര്‍ഡറിന് ശേഷം ആഷസില്‍ ഇരട്ടസെഞ്ചുറി നേടുന്ന ക്യാപ്റ്റനുമായി. 1993ലായിരുന്നു ബോര്‍ഡര്‍ ഈ നേട്ടം കൈവരിച്ചത്. 

301 പന്തില്‍ 26 ബൗണ്ടറികളുമായാണ് സ്മിത്ത് ഇരട്ടശതകം പൂര്‍ത്തിയാക്കിയത്. അതും ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബോര്‍ഡിന്റെ പന്ത് സിക്‌സിലേക്ക് പറത്തി. ഓസ്‌ട്രേലിയയില്‍ തന്റെ ആദ്യ ഇരട്ടസെഞ്ചുറി നേടുന്ന ഇരുപത്തിയെട്ടുകാരന്‍ ഇതിന് മുമ്പ് 2015ല്‍ ലോഡ്‌സില്‍ നടന്ന ആഷസില്‍ ഇംഗ്ലണ്ടിനെതിരെ ഡബിള്‍ സെഞ്ചുറി അടിച്ചിരുന്നു. ഇതോടെ ആഷസില്‍ രണ്ടോ അതിലധികമോ ഇരട്ടസെഞ്ചുറിയുള്ള നാലാമത്തെ ബാറ്റ്‌സ്മാനും സ്മിത്ത് മാറി. ബോബി സിംപ്‌സണ്‍(2), വാലി ഹാമണ്ട്(4), ബ്രാഡ്മാന്‍ (8) എന്നിവരാണ് സ്മിത്തിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. 

ഈ വര്‍ഷം 1000 റണ്‍സ് പിന്നിട്ട സ്മിത്ത് മാത്യു ഹെയ്ഡന് ശേഷം തുടര്‍ച്ചയായ നാല് വര്‍ഷങ്ങളില്‍ 1000 റണ്‍സ് പിന്നിടുന്ന താരമെന്ന നേട്ടവും സ്വന്തം പേരില്‍ അഴുതിച്ചേര്‍ത്തു. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയിലും സ്മിത്ത് രണ്ടാമതെത്തി. 62ന് മുകളില്‍ ശരാശരിയുള്ള സ്മിത്തിന് മുന്നിലുള്ളത് 99.94 ശരാശരിയുള്ള ബ്രാഡ്മാന്‍ മാത്രമാണ്. 

ഏറ്റവും വേഗത്തില്‍ ടെസ്റ്റ് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ റെക്കോഡിലാണ് സ്മിത്ത്, സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടന്നത്. ടെസ്റ്റ് കരിയറിലെ 22-ാം സെഞ്ചുറിയാണ് സ്മിത്ത് നേടിയത്. ഇതോടെ ഏറ്റവും വേഗതയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ താരമായി സ്മിത്ത് മാറി. 108 ഇന്നിങ്‌സുകളില്‍നിന്നാണ് സ്മിത്ത് 22 സെഞ്ചുറികള്‍ നേടിയത്. 

ഇതോടെ 18 വര്‍ഷം പഴക്കമുളള സച്ചിന്റെ റെക്കോഡ് സ്മിത്ത് പഴങ്കഥയാക്കി. 114 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 58 ഇന്നിംഗ്‌സുകളില്‍ നിന്നായി 22 സെഞ്ചുറികള്‍ നേടിയ ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാം സ്ഥാനത്ത്. 

ഏറ്റവും വേഗത്തില്‍ 21 സെഞ്ചുറികള്‍ നേടുന്ന കളിക്കാരനെന്ന സച്ചിന്റെ (110 ഇന്നിങ്‌സ്) റെക്കോര്‍ഡ് അടുത്തിടെ സ്മിത്ത് (105 ഇന്നിങ്‌സ്) മറികടന്നിരുന്നു. ഇതിനുപിന്നാലെയാണ് സച്ചിന്റെ തന്നെ മറ്റൊരു റെക്കോര്‍ഡും സ്മിത്ത് മറികടന്നത്.