പെര്‍ത്ത്: ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിനം പെര്‍ത്തില്‍ ഓസ്‌ട്രേലിയയുടെ ബാറ്റിങ് വിരുന്ന്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 403 റണ്‍സ് പിന്തുടരുന്ന ഓസീസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റിന് 549 എന്ന നിലയിലാണ്. 

ഇരട്ടശതകവുമായി പുറത്താകാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും 181 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷുമാണ് ഓസീസ് ഇന്നിങ്‌സിന്റെ നട്ടെല്ലായത്. മാര്‍ഷിന്റെ കരിയറിലെ ആദ്യ ടെസ്റ്റ് ശതകമാണിത്. ഇതോടെ ഓസ്‌ട്രേലിയക്ക് 146 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡായി. 

മൂന്നാം ദിവസം ആദ്യ സെഷനില്‍ ഷോണ്‍ മാര്‍ഷിന്റെ വിക്കറ്റ് നേടിയതൊഴിച്ചാല്‍ ഇംഗ്ലണ്ടിന്റെ പ്രകടനം നിരാശജനകമായിരുന്നു. 28 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ മോയിന്‍ അലി പുറത്താക്കുകയായിരുന്നു. പിന്നീട് ഓസ്‌ട്രേലിയക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

marsh
Photo:Twitter/ICC

അഞ്ചാം വിക്കറ്റില്‍ മാര്‍ഷും സ്മിത്തും ചേര്‍ന്ന് ഇംഗ്ലീഷ് ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. 301 റണ്‍സാണ് ഇരുവരും അഞ്ചാം വിക്കറ്റില്‍ അടിച്ചെടുത്തത്. 57 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ഇത്.

നേരത്തെ 2015ല്‍ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 215 റണ്‍സടിച്ചതായിരുന്നു ഇതിന് മുമ്പ് സ്മിത്തിന്റെ മികച്ച ടെസ്റ്റ് സ്‌കോര്‍. 390 പന്തില്‍ നിന്നായിരുന്നു സ്മിത്തിന്റെ 229 റണ്‍സ്. 

ടെസ്റ്റ് അവസാനിക്കാന്‍ രണ്ടു ദിവസം ശേഷിക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കാനാകും നാളെ ഓസ്‌ട്രേലിയ തയ്യാറാകുക. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയ്ക്ക് പിടിച്ചുനില്‍ക്കാനായില്ലെങ്കില്‍ ആഷസ് പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കും. നേരത്തെ ആദ്യ രണ്ടു ടെസ്റ്റിലും ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.