ഫ്‌ളോറിഡ: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് കുറച്ചുകാലമായി വിലക്ക് നേരിടുകയാണ് സ്റ്റീവ് സ്മിത്ത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ജഴ്‌സിയിലേ താരത്തിന് വിലക്കുള്ളു. കരീബിയന്‍ പ്രീമിയര്‍ ടി ട്വിന്റി ടൂര്‍ണമെന്റില്‍ ഓള്‍റൗണ്ട് പ്രകടനവുമായി കാണികളെ ആവേശത്തിലാഴ്ത്തുകയാണ് ഓസ്‌ട്രേലിയന്‍ താരം.

ബാര്‍ബഡോസ് ട്രെയ്‌ഡെന്റ്‌സിന് വേണ്ടി കളിക്കുന്ന സ്മിത്ത് കഴിഞ്ഞ ദിവസം അര്‍ദ്ധ സെഞ്ചുറിയും രണ്ട് വിക്കറ്റുമാണ് നേടിയത്. ജമൈക്ക ടല്ലാവാഹ്‌സിനെതിരായ ഈ മത്സരത്തില്‍ കളിയിലെ താരവും സ്മിത്തായിരുന്നു. 

സ്മിത്തിന്റെ അര്‍ദ്ധ സെഞ്ചുറിയേക്കാള്‍ ബൗളിങ് ആക്ഷനായിരുന്നു കാണികളെ ത്രസിപ്പിച്ചത്. പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ ആക്ഷനിലായിരുന്നു സ്മിത്തിന്റെ ബൗളിങ്ഹ്. ഇതില്‍ ഓപ്പണര്‍മാരായ ജെയ്‌സണ്‍ ചാള്‍സന്റേയും ഗ്ലെന്‍ ഫില്പ്‌സിന്റേയും വിക്കറ്റുകളും വീണു. ചാള്‍സിനെ ഗുപ്റ്റിലും ഫിലിപ്സിനെ വിക്കറ്റ് കീപ്പര്‍ നിക്കോളസും പിടിച്ചാണ് പുറത്തായത്. മൂന്നു ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സ്മിത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.

ബാര്‍ബഡോസ് രണ്ട് വിക്കറ്റിന് 37 റണ്‍സെന്ന നിലയിലായിരിക്കെയാണ് സ്മിത്ത് ക്രീസിലെത്തിയത്. 44 പന്തില്‍ പുറത്താകാതെ 63 റണ്‍സും നേടി. മത്സരത്തില്‍ ബാര്‍ബഡോസ് രണ്ട് റണ്‍സിന്റെ ആവേശവിജയവും സ്വന്തമാക്കി. 

Content Highlights: Steve Smith does a Shahid Afridi like bowling action