ഡര്‍ബന്‍: ഓസീസ് താരം ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കും തമ്മിലുണ്ടായ വാഗ്വാദം ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. വാര്‍ണറെ പിന്തുണച്ചും വിമര്‍ശിച്ചും മുന്‍താരങ്ങളും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു.
 
ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മല്‍സരത്തിനിടെയായിരുന്നു സംഭവം.  ഡ്രസ്സിങ് റൂമിലേക്ക് പോകുന്ന വഴിയിലാണ് ഡി കോക്കും വാര്‍ണറും ഉന്തും തള്ളുമുണ്ടായത്. ഭാര്യയെ അസഭ്യം പറഞ്ഞതുകൊണ്ടാണ് വാര്‍ണര്‍ ദേഷ്യപ്പെട്ടതെന്ന് ഓസീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
 
ഈ സംഭവത്തില്‍ പ്രതികരണവുമായി ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സമിത്തും രംഗത്തെത്തി. അടിക്കിടയില്‍ വാര്‍ണറെ പിടിച്ചുമാറ്റിയത് സ്മിത്തായിരുന്നു. ആദ്യ ടെസ്റ്റിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു സ്മിത്തിന്റെ പ്രതികരണം. 
 
വളരെ വ്യക്തിപരമായിരുന്നു ഡികോക്കിന്റെ വാക്കുകള്‍. വാര്‍ണറെ ദേഷ്യം പിടിപ്പിക്കുക എന്നതു തന്നെയായിരുന്നു അതിന് പിന്നില്‍. എന്റെ അറിവില്‍ ഡികോക്കിനോട് ഞങ്ങള്‍ വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ല. സ്മിത്ത് വ്യക്തമാക്കി. 
 
ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും രണ്ടു ഭാഗത്തു നിന്നും ക്ഷമാപണം നടത്തണമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. ഒരാളുടെ വ്യക്തിജീവിതത്തിലേക്ക് ഇങ്ങനെ കടന്നുചെല്ലാന്‍ പറ്റില്ലെന്നാണ് ഞാന്‍ കരുതുന്നത്. കളിയുടെ സ്പിരിറ്റോടെ കളിക്കുക എന്നതിലാണു കാര്യം. ചിലപ്പോഴൊക്കെ എതിരാളികളുടെ വാക്കിന് മുന്നില്‍ നമ്മള്‍ സ്വയം നിയന്ത്രിക്കേണ്ടി വരും-സ്മിത്ത് കൂട്ടിച്ചേര്‍ത്തു. 

Content Highlights: Steve Smith Accuses De Kock of Making a Personal Remark at Warner