Image Courtesy: Getty Images
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറെ പലപ്പോഴായി തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ കണ്ണിലെ കരടായി മാറിയ അമ്പയറാണ് ജമൈക്കക്കാരനായ സ്റ്റീവ് ബക്നര്‍. സച്ചിനെതിരേ പലപ്പോഴും ബക്നറുടെ വിരലുയരുമ്പോള്‍ ചീത്തവിളികളോടെയാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതികരിക്കാറ്.
ഇപ്പോഴിതാ വിരമിച്ച് 11 വര്‍ഷങ്ങള്‍ക്കു ശേഷം അമ്പയറിങ് കരിയറിനിടെ സച്ചിനെ തെറ്റായ തീരുമാനത്തില്‍ പുറത്താക്കിയിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് സ്റ്റീവ് ബക്നര്‍. സച്ചിനെതിരെ ഔട്ട് വിളിച്ചത് രണ്ടു തവണ തെറ്റിപ്പോയതിനെക്കുറിച്ചാണ് ബക്നറുടെ ഏറ്റുപറച്ചില്‍. ബാര്‍ബഡോസിലെ ഒരു റേഡിയോ പരിപാടിയിലാണ് ഇതേക്കുറിച്ച് ബക്നര്‍ മനസ്സു തുറന്നത്.
2003-ല്‍ ഓസ്ട്രേലിയയില്വെച്ച് ജേസണ്‍ ഗില്ലെസ്പിയുടെ പന്തില്‍ എല്‍.ബി. അനുവദിച്ചതും 2005-ല്‍ കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ പാകിസ്താന്റെ അബ്ദുള്‍ റസാഖിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എടുത്ത ക്യാച്ച് അനുവദിച്ചതും തെറ്റായിരുന്നെന്ന് ബക്നര്‍ കഴിഞ്ഞദിവസം ഒരു റേഡിയോ പരിപാടിയില്‍ തുറന്നുസമ്മതിച്ചു.
''ഒരു അമ്പയറും ബോധപൂര്‍വം തെറ്റ് വരുത്തുമെന്ന് തോന്നുന്നില്ല. പക്ഷേ, തെറ്റുകള്‍ മനുഷ്യസഹജമാണ്. സച്ചിനെ പുറത്താക്കാനുള്ള രണ്ട് തീരുമാനങ്ങള്‍ തെറ്റായിരുന്നു. ആദ്യ സന്ദര്‍ഭത്തില്‍ പന്ത് വിക്കറ്റിന്റെ ഏറെ ഉയരത്തിലാണ് കടന്നുപോയത്. ഈഡന് ഗാര്‍ഡന്‍സില്‍ സച്ചിന്റെ ബാറ്റ് കടന്നുപോയപ്പോള്‍ പന്തിന്റെ ദിശ മാറിയതായി തോന്നി. പക്ഷേ, ബാറ്റ് ടച്ച് ഇല്ലായിരുന്നു. ഒരു ലക്ഷത്തിലേറെ കാണികളുടെ ശബ്ദകോലാഹലങ്ങള്‍ക്കിടയിലാണ് കൊല്‍ക്കത്തയില്‍ മത്സരം നടക്കുക. നമുക്ക് ഒന്നും കേള്‍ക്കാന്‍ കഴിയില്ല'' - തുടര്‍ച്ചയായി അഞ്ച് ലോകകപ്പ് ഫൈനലുകള്‍ നിയന്ത്രിച്ച ബക്നര്‍ പറഞ്ഞു.
Content Highlights: Steve Bucknor recalls umpiring decisions involving Sachin Tendulkar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..