കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ ക്രിക്കറ്റ് ആരാധകര്‍ ആശങ്കപ്പെടേണ്ട. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരം നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബി.സി.സി.ഐ ഓദ്യോഗികമായി അറിയിച്ചു. ആദ്യ ടിട്വന്റിയില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് മത്സരം. 

കൊളംബോയില്‍ യാതൊരുവിധ സംഘര്‍ഷവും ഇല്ലെന്നും ടീമിന്റെ സുരക്ഷയെപ്പറ്റി ആശങ്കയില്ലെന്നും ബി.സി.സി.ഐ വക്താവ് വ്യക്തമാക്കി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതികരണം വന്നിട്ടില്ല. 

പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം ഏഴിനാണ്‌ ഇന്ത്യയുടെ മല്‍സരം. പരമ്പരയില്‍ ഇന്ത്യയും ശ്രീലങ്കയേയും കൂടാതെ ബംഗ്ലാദേശുമാണുള്ളത്. ഇത്തവണ നിദാഹാസ് ട്രോഫിക്കു വേണ്ടിക്കുള്ള പോരാട്ടങ്ങള്‍ ടിട്വന്റി ഫോര്‍മാറ്റിലാണ്

ബുദ്ധ-ഇസ്ലാം വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ത്തെ തുടര്‍ന്ന് രാജ്യത്ത് പത്ത് ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. . കാന്‍ഡിയില്‍ ബുദ്ധമത വിശ്വാസി കൊല്ലപ്പെടുകയും തുടര്‍ന്ന് മുസ്ലീം മതവിശ്വാസികളുടെ സ്ഥാപനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഇവിടെ തുടങ്ങിയ സംഘര്‍ഷം പിന്നീട് രാജ്യത്തിന്റെ മറ്റിങ്ങളിലേക്കും പടര്‍ന്നുപിടിച്ചു. 

ചൊവ്വാഴ്ച്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തത്. ഫെയ്സ്ബുക്ക് വഴിയാണ് വ്യാജവാര്‍ത്തകളും അക്രമത്തിനുള്ള ആഹ്വാനങ്ങളും പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വക്താവ് ദയാസിരി ജയശേഖര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Content Highlights: State of Emergency declared in Sri Lanka: BCCI says situation unlikely to affect Nidahas Trophy