ന്യൂഡല്‍ഹി: ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ താരം മുരളി വിജയ് വിട്ടുനില്‍ക്കുന്നത് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാലാണെന്ന് റിപ്പോര്‍ട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കുന്ന തമിഴ്‌നാട് ടീമില്‍ മുരളി വിജയ് കളിക്കുന്നില്ല. തുടര്‍ന്നാണ് താരത്തിന്റെ അഭാവം ചര്‍ച്ചയായത്. 

താരങ്ങള്‍ കോവിഡ് വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിക്കണമെന്നാണ് ബിസിസിഐയുടെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കളിക്കാരുടെ കൈയിലാണ്. വാക്‌സിന്‍ സ്വീകരിക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്. മുരളി വിജയ് വാക്‌സിന്‍ സ്വീകരിക്കാന്‍ മടി കാണിക്കുകയാണ്. ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ബയോ ബബ്‌ളില്‍ കഴിയുന്നതിനോടും മുരളി വിജയ് വിമുഖത കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് ഒരാഴ്ച്ച മുമ്പ് താരങ്ങള്‍ ബയോ ബബ്‌ളില്‍ പ്രവേശിക്കണം എന്നതാണ് ചട്ടം. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങുന്നതിന് ഒരാഴ്ച്ച മുമ്പ് മുരളി വിജയ് ടീമിനൊപ്പം ചേര്‍ന്നില്ല. ഇതോടെ താരത്തെ ഒഴിവാക്കി തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ടീം പ്രഖ്യാപിക്കുകയായിരുന്നു. ഇനി വാക്‌സിന്‍ സ്വീകരിച്ച ശേഷം ബയോ ബബ്‌ളില്‍ കഴിയാന്‍ തയ്യാറായി മുരളി വിജയ് വന്നാലും ടീമില്‍ ഇടം നേടാനുള്ള സാധ്യത വിരളമാണെന്നും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. 

2020 ഐപിഎല്‍ സീസണിലാണ് 37-കാരനായ മുരളി വിജയ് അവസാനമായി ക്രിക്കറ്റ് കളിച്ചത്. രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനും കര്‍ണാടകയ്ക്കുമായി കളിച്ചിട്ടുണ്ട്. 

Content Highlights: State comeback in near future looks tough for vaccine hesitant Murali Vijay