ലണ്ടന്‍: ഇന്ത്യന്‍ പര്യടനത്തിനിടയില്‍ ക്രിക്കറ്റ് വെറുത്തുപോയിരുന്നതായി ഇംഗ്ലീഷ് സ്പിന്നര്‍ ഡോം ബെസ്. മികച്ച പ്രകടനം നടത്തുക എന്നതിനൊപ്പം ബയോ ബബ്‌ളിനുള്ളില്‍ കഴിയുക എന്നത് വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്നുവെന്നും ഡോം ബെസ് പറയുന്നു. 

ഇന്ത്യന്‍ പര്യടനത്തിന് ശേഷം ക്രിക്കറ്റില്‍ നിന്ന് ഇടവേള ലഭിച്ചു. ഇതോടെ എനിക്കു തിരിച്ചുവരാനായി. ആ ഇടവേള കൂടി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ക്രിക്കറ്റിനെ എന്നേക്കുമായി വെറുത്തുപോകുമായിരുന്നു. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോം ബെസ് വ്യക്തമാക്കുന്നു. 

ഇന്ത്യക്കെതിരായ നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 17 വിക്കറ്റുകളാണ് ഡോം ബെസ് വീഴ്ത്തിയത്. എന്നാല്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടെ രണ്ട് ടെസ്റ്റുകളില്‍ നിന്ന് താരത്തെ ഒഴിവാക്കുകയും ചെയ്തു. പരമ്പരയില്‍ ഇന്ത്യ 3-1ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇടം നേടുകയും ചെയ്തു.

നിലവില്‍ കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്ന ബെസ് മികച്ച ഫോമിലാണ്. യോക്‌ഷെയര്‍ താരമായ ബെസ് സസെക്‌സിനെതിരായ മത്സരത്തില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി.

Content Highlights: Started hating cricket during India tour reveals Dom Bess