കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വാര്‍ഷിക കരാറില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ച ശ്രീലങ്കന്‍ താരങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ അരവിന്ദ ഡിസില്‍വ.

ഇങ്ങനെ പരാതി പറയാതെ രാജ്യത്തിനായി മത്സരങ്ങള്‍ ജയിക്കാന്‍ ഡിസില്‍വ ശ്രീലങ്കന്‍ ടീമിനോട് ആവശ്യപ്പെട്ടു.

നേരത്തെ പ്രതിഫലം വെട്ടിക്കുറച്ച ക്രിക്കറ്റ് ബോര്‍ഡിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ടെസ്റ്റ് ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ, ദിനേഷ് ചണ്ഡിമല്‍, ഏയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കമുള്ള താരങ്ങള്‍ പുതിയ കരാറില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ചത്. 

''കളിക്കാര്‍ ഈ വ്യവസ്ഥയോട് യോജിക്കുന്നില്ലെന്ന് പറയുന്നത് ന്യായമല്ലാത്ത കാര്യമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അവര്‍ കളത്തിലിറങ്ങി രാജ്യത്തിനു വേണ്ടി മത്സരങ്ങള്‍ ജയിക്കുകയാണ്. അല്ലാതെ തുടര്‍ച്ചയായി പരാതികള്‍ ഉന്നയിക്കുകയല്ല. ഈ ക്രിയാത്മക സമീപനം ഞങ്ങളുടെ മേഖലയിലെ മറ്റ് ചില രാജ്യങ്ങളെപ്പോലെ അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് പരിഗണിക്കാന്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കും.'' - ഡിസില്‍വ ഡെയ്‌ലി ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് 24 താരങ്ങളെ നാലു വിഭാഗങ്ങളാക്കി തിരിച്ച് കരാറില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ജൂണ്‍ മൂന്നിന് മുന്‍പ് കരാറില്‍ ഒപ്പുവയ്ക്കണമെന്നാണ് നിര്‍ദേശം.

Content Highlights: Start winning games rather than complaining Aravinda de Silva to Sri Lanka players