ദുബായ്: ഈ മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ പ്രധാന വേദിയായ യു.എ.ഇയിലെ സ്റ്റേഡിയങ്ങളിലേക്ക് 70 ശതമാനം കാണികള്‍ക്ക് പ്രവേശനം അനുവദിക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയാണ് ഇക്കാര്യം അറിയിച്ചത്. 

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. യു.എ.ഇയിലും ഒമാനിലുമായാണ് മത്സരങ്ങള്‍ നടക്കുക. ഒമാനില്‍ 30000 കാണികള്‍ക്കാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുക. 

16 ടീമുകളാണ് ട്വന്റി 20 ലോകകപ്പില്‍ മാറ്റുരയ്ക്കുക. മസ്‌കറ്റില്‍ വെച്ച് നടക്കുന്ന ആദ്യ മത്സരത്തില്‍ പാപ്പുവ ന്യൂ ഗിനിയ ഒമാനെ നേരിടും. സൂപ്പര്‍ 12 മത്സരങ്ങള്‍ ഒക്ടോബര്‍ 23 നാണ് ആരംഭിക്കുക. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും മാറ്റുരയ്ക്കും. ഇന്ത്യ ഒക്ടോബര്‍ 24 ന് പാകിസ്താനെ നേരിടും. 

മസ്‌കറ്റ്, അബുദാബി, ഷാര്‍ജ, ദുബായ് എന്നീ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 14 നാണ് ഫൈനല്‍. 

Content Highlights: Stadiums in UAE to operate at 70 pc capacity for T20 World Cup