സെന്റ് മോര്‍ട്ടിസ്: പൂജ്യം ഡിഗ്രിക്കും താഴെയുള്ള അന്തരീക്ഷോഷ്മാവിലും തീപ്പൊരി പറത്തുന്നതായിരുന്നു സെവാഗിന്റെ പ്രകടനം. വെള്ളമുറഞ്ഞ് കട്ടിയായ മഞ്ഞു പാളിക്കു മുകളിലൂടെ സിക്‌സുകളും ഫോറുകളും പാഞ്ഞപ്പോള്‍ പുല്‍ മൈതാനത്തിലെന്നപോലെ അഫ്രിദിയും സംഘവും മഞ്ഞുമൈതാനത്തിലും വല്ലാതെ വിയര്‍ത്തു. കളിക്കാര്‍ക്കും കാണികള്‍ക്കും ഒരുപോലെ രസകരമായിരുന്നു മഞ്ഞു മൈതാനത്തിലെ ഈ ക്രിക്കറ്റ്.

സെന്റ്. മോറിറ്റ്സ് ഐസ് ക്രിക്കറ്റിലാണ് വീരേന്ദര്‍ സെവാഗിന്റെയും ഷാഹിദ് അഫ്രിദിയുടെയും നേതൃത്വത്തില്‍ ഏറ്റുമുട്ടിയത്. സെവാഗ് വെടിക്കെട്ട് പുറത്തെടുത്തെങ്കിലും ആറു വിക്കറ്റിന് അഫ്രീദിയുടെ ടീം വിജയിച്ചു. 31 പന്തില്‍ 62 റണ്‍സടിച്ച സെവാഗിന്റെ ബലത്തില്‍ ബാര്‍ദുത് പാലസ് ഡയമണ്ട്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്രീദിയുടെ റോയല്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 15.2 ഓവറില്‍ ലക്ഷ്യം കണ്ടു. പുറത്താകാതെ 34 പന്തില്‍ 74 റണ്‍സടിച്ച ഉവൈസ് ഷായാണ് റോയല്‍സിന് വിജയമൊരുക്കിയത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ്. മോറിറ്റ്‌സ് തടാകത്തിന്റെ തണുത്തുറഞ്ഞ ഉപരിതലത്തിലായിരുന്നു മത്സരം. മഞ്ഞ് മൈതാനത്തിനു നടുവില്‍ മരത്തിന്റെ പ്രത്യേക പ്രതലം ഒരുക്കിയാണ് പിച്ച് നിര്‍മിച്ചത്. പൂജ്യം ഡിഗ്രിക്കും താഴെയാണ് ഇവിടത്തെ താപനില. തണുപ്പിനെ മറികടക്കാന്‍ നാലും അഞ്ചും ഉടുപ്പുകള്‍ ധരിച്ചാണ് താരങ്ങള്‍ കളിക്കിറങ്ങിയത്. അതുകൊണ്ടുതന്നെ ഗ്രൗണ്ടില്‍ കളിക്കുന്നതുപോലെ ശരീര ചലനങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെന്ന് കളിയുടെ ദൃശ്യങ്ങള്‍ കണ്ടാല്‍ മനസ്സിലാകും. സാധാരണ ലതര്‍ ബോള്‍ ഉപയോഗിച്ച് കൊടും തണുപ്പിലുള്ള ബോളിംഗും പ്രയാസകരമായിരുന്നു. മഞ്ഞിനു മീതേ കൂടി ഉദ്ദേശിക്കുന്ന രീതിയില്‍ പന്ത് ചലിപ്പിക്കുന്ന് വെല്ലുവിളിയുയര്‍ത്തി.

സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രധാനപ്പെട്ട ഒരു സ്‌പോര്‍ട്‌സ് ടൂറിസം കേന്ദമാണ് സെന്റ്. മോറിറ്റ്‌സ്. മഞ്ഞു മൈതാനത്തിലെ കളി അതീവ രസകരമായിരുന്നെന്നും സെന്റ്. മോറിറ്റ്‌സിലെ ക്രിക്കറ്റ് തുടരണമെന്നും സെവാഗ് മത്സരത്തിനുശേഷം അഭിപ്രായപ്പെട്ടു. സെന്റ്. മോറിറ്റ്‌സിനെ ഒരു സ്‌പോര്‍ട്‌സ് ടൂറിസം കേന്ദ്രമാക്കുന്നതില്‍ ഐസ് ക്രിക്കറ്റ് പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ പഴയ താരങ്ങളടക്കമുള്ള കളിക്കാരാണ് സെവാഗ് നയിച്ച റോയല്‍ ഇലവണ്‍, ഡയമണ്‍ഡ് ഇലവണ്‍ എന്നീ രണ്ടു ടീമുകളില്‍ ഉണ്ടായിരുന്നത്. ഇവരെ കൂടാതെ ലസിത് മലിംഗ, മൈക്ക് ഹസ്സി, മഹേല ജയവര്‍ദ്ദന, ഷൊയബ് അക്തര്‍, നാതന്‍ മക്കല്ലം തുടങ്ങിയവര്‍ ഇരു ടീമുകളിലുമായി ഉണ്ടായിരുന്നു.

Content Highlights: St. Moritz Ice Cricket, Virender Sehwag, Shoaib Akhtar