ആന്റിഗ്വ: 2021 കരീബിയന്‍ പ്രീമിയര്‍ ലീഗ് (സി.പി.എല്‍) കിരീടം സ്വന്തമാക്കി സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്‌സ്. ഫൈനലില്‍ സെന്റ് ലൂസിയ കിങ്‌സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് സെന്റ് കിറ്റ്‌സ് കിരീടം സ്വന്തമാക്കിയത്. ആദ്യമായാണ് സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്‌സ് സി.പി.എല്ലില്‍ മുത്തമിടുന്നത്. 

അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിലാണ് സെന്റ് കിറ്റ്‌സ് വിജയം സ്വന്തമാക്കിയത്. 48 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഡൊമിനിക് ഡ്രേക്‌സാണ് സെന്റ് കിറ്റ്‌സിന്റെ വിജയശില്‍പ്പി. 

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത സെന്റ് ലൂസിയ കിങ്‌സ് 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. 43 റണ്‍സ് വീതമെടുത്ത റഖീം കോണ്‍വാലും റോസ്റ്റണ്‍ ചേസും 39 റണ്‍സ് എടുത്ത കീമോ പോളുമാണ് സെന്റ് ലൂസിയയെ മാന്യമായ സ്‌കോറിലെത്തിച്ചത്. സെന്റ് കിറ്റ്‌സിനായി ഫവാദ് അഹമ്മദും നസീം ഷായും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

160 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സെന്റ് കിറ്റ്‌സന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ക്രിസ് ഗെയ്‌ലിനെയും മൂന്നാം ഓവറില്‍ എവിന്‍ ലൂയിസിനെയും സെന്റ് കിറ്റ്‌സിന് നഷ്ടമായി.  കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ടീം 95 ന് അഞ്ച് എന്ന നിലയിലായി. എന്നാല്‍ പിന്നീട് ക്രീസിലൊന്നിച്ച ഡ്രേക്‌സും ഫാബിയന്‍ അലനും ചേര്‍ന്ന് അത്ഭുതകരമായ ഇന്നിങ്‌സ് കാഴ്ചവെച്ച് സെന്റ് കിറ്റ്‌സിനെ വിജയത്തിലെത്തിച്ചു. 

24 പന്തുകളില്‍ നിന്നും മൂന്ന് വീതം സിക്‌സും ഫോറുമടിച്ചാണ് ഡ്രേക്‌സ് 48 റണ്‍സെടുത്തത്. 37 റണ്‍സ് നേടിയ ജോഷ്യ ഡാ സില്‍വയും 20 റണ്‍സ് നേടിയ ഫാബിയന്‍ അലനും 25 റണ്‍സെടുത്ത ഷെര്‍ഫാനി റുതര്‍ഫോര്‍ഡും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. ഡ്രേക്‌സാണ് മത്സരത്തിലെ താരം. 

Content Highlights: St Kitts and Nevis Patriots clinch maiden CPL title with thrilling win over Saint Lucia Kings in final