Photo: AFP
ധാക്ക: ക്രിക്കറ്റ് മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍. ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ മത്സരത്തിനിടെയാണ് ലങ്കന്‍ താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇതോടെ 23-ാം ഓവറില്‍ മൈതാനം വിട്ട താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇസിജി അടക്കമുള്ള രോഗനിര്‍ണയ പരിശോധനകളില്‍ കാര്യമായ പ്രശ്നങ്ങളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. പേശീവലിവ് അനുഭവപ്പെട്ടതായിരുന്നു വേദനയ്ക്ക് കാരണമെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഇതോടെ മത്സരത്തില്‍ താരത്തിന് തുടര്‍ന്ന് കളിക്കാം.
ധാക്കയിലെ കടുത്ത ചൂടിനെ തുടര്‍ന്നുള്ള നിര്‍ജലീകരണമാണ് പ്രശ്നമായതെന്നാണ് വിലയിരുത്തല്‍. പരമ്പരയ്ക്കിടെ കടുത്ത ചൂടിനെ തുടര്‍ന്ന് പ്രശ്നമനുഭവിക്കുന്ന ആദ്യ താരമല്ല മെന്‍ഡിസ്. നേരത്തെ ഒന്നാം ടെസ്റ്റിനിടെ സെഞ്ചുറി നേടിയ ശേഷം പേശീവലിവ് അനുഭവപ്പെട്ട ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാലിന് റിട്ടയര്‍ ചെയ്യേണ്ടതായി വന്നിരുന്നു. ഫീല്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റല്ബോറോയും ചൂട് സഹിക്കാനാകാതെ മത്സരത്തിനിടെ റിസര്‍വ് അമ്പയര്‍ ജോയല്‍ വില്‍സണെ ചുമതലയേല്‍പ്പിച്ച് മടങ്ങിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..