Photo: twitter.com/ICC
കൊളംബോ: അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ നാലു റണ്‍സിന് പരാജയപ്പെടുത്തി ശ്രീലങ്ക. ജയത്തോടെ ഓസീസിനെതിരായ അഞ്ചു മത്സര പരമ്പര ലങ്ക സ്വന്തമാക്കി. ആദ്യ ഏകദിനം ജയിച്ച് ലീഡെടുത്ത ഓസീസിനെതിരേ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ ജയം നേടിയാണ് ലങ്ക പരമ്പര സ്വന്തമാക്കിയത്.
ശ്രീലങ്ക ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് കൃത്യം 50 ഓവറില്‍ 254 റണ്‍സിന് ഓള്‍ഔട്ടായി. ജയിക്കാന്‍ അവസാന ഓവറില്‍ 19 റണ്‍സ് വേണമെന്നിരിക്കേ ക്യാപ്റ്റന്‍ ദസുന്‍ ഷാനകയെ മൂന്ന് തവണ ബൗണ്ടറി കടത്തിയ മാത്യു കുനെമാന് ലങ്കയ്ക്ക് ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍ അവസാന പന്തില്‍ താരത്തെ പുറത്താക്കി ഷാനക ലങ്കയ്ക്ക് നാലു റണ്‍സിന്റെ ജയം സമ്മാനിച്ചു.
ഒരു റണ്ണകലെ സെഞ്ചുറി നഷ്ടമായ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് പിന്തുണ നല്കാന് മധ്യനിരയ്ക്ക് സാധിക്കാതിരുന്നതാണ് ഓസീസിന് തിരിച്ചടിയായത്. 112 പന്തുകള്‍ നേരിട്ട് 99 റണ്‍സെടുത്ത വാര്‍ണറെ ധനഞ്ജയ ഡിസില്‍വയാണ് പുറത്താക്കിയത്. വാലറ്റത്തെ കൂട്ടുപിടിച്ചുള്ള പാറ്റ് കമ്മിന്‍സിന്റെ പോരാട്ടവും ഫലം കണ്ടില്ല. 43 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത കമ്മിന്‍സിനെ 49-ാം ഓവറില്‍ പുറത്താക്കിയ ചാമിക കരുണരത്നെയാണ് മത്സരം ലങ്കയ്ക്ക് അനുകൂലമാക്കി തിരിച്ചത്.
ആരോണ്‍ ഫിഞ്ച് (0), മിച്ചല്‍ മാര്‍ഷ് (26), മാര്‍നസ് ലബുഷെയ്ന് (14), അലക്സ് കാരി (19), ട്രാവിഡ് ഹെഡ് (17), കാമറൂണ്‍ ഗ്രീന്‍ (13), ഗ്ലെന്‍ മാക്സ്വെല് (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നേരത്തെ സെഞ്ചുറി നേടിയ ചരിത് അസലങ്കയുടെ മികവിലാണ് ശ്രീലങ്ക 258 റണ്‍സെടുത്തത്. 49 ഓവറില്‍ ലങ്ക ഓള്‍ഔട്ടാകുകയായിരുന്നു. 61 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വ അസലങ്കയ്ക്ക് ഉറച്ച് പിന്തുണ നല്കി. നിരോഷന്‍ ഡിക്വെല്ല (1), പതും നിസ്സങ്ക (13), കുശാല്‍ മെന്‍ഡിസ് (14), ദസുന്‍ ഷാനക (4) എന്നിവര്‍ക്കാര്‍ക്കും തന്നെ കാര്യമായ സംഭാവന നല്‍കാനായില്ല. 19 റണ്‍സെടുത്ത ദുനിത് വെല്ലാല്ഗെയും 21 റണ്‍സെടുത്ത വാനിന്ദു ഹസരംഗയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെയാണ് ലങ്കന്‍ സ്കോര്‍ 250 കടന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..